ഇൻകം ടാക്‌സ് ബുദ്ധിമുട്ടിക്കുന്നതായി റോയ് നിരവധി തവണ പറഞ്ഞിരുന്നു; അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല: സഹോദരൻ

'അവന്‍ നാല് ദിവസമായി സമ്മര്‍ദത്തിലായിരുന്നു. ഞാന്‍ സമാധാനപ്പെടുത്തിയതാണ്'

ഇൻകം ടാക്‌സ് ബുദ്ധിമുട്ടിക്കുന്നതായി റോയ് നിരവധി തവണ പറഞ്ഞിരുന്നു; അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല: സഹോദരൻ
dot image

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്ക്ക് ആദായനികുതി വകുപ്പിന്റെ സമ്മര്‍ദമുണ്ടായിരുന്നെന്ന് സഹോദരന്‍ സി ജെ ബാബു. നിരന്തരമായി റെയ്ഡ് നടന്നിരുന്നുവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഉത്തരം പറയണമെന്നും ബാബു പറഞ്ഞു. കേരളത്തില്‍ നിന്നുളള ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദും സംഘവുമാണ് റെയ്ഡ് നടത്തിയതെന്നും വലിയ സമ്മര്‍ദമുണ്ടെന്ന് റോയ് ഇന്ന് തന്നോട് പറഞ്ഞെന്നും ബാബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സി ജെ ബാബു പ്രതികരിച്ചത്.

'കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍കം ടാക്‌സിന്റെ സമ്മര്‍ദം റോയ്ക്ക് ഉണ്ടായിരുന്നു. ഡിസംബര്‍ മൂന്നിന് ഇന്‍കം ടാക്‌സ് വന്നിരുന്നു. നാലഞ്ച് ദിവസം അവര്‍ പരിശോധന നടത്തി. ജനുവരി 28-നും വന്നു. കേരളത്തില്‍ നിന്നുളള ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ കൃഷ്ണപ്രസാദും സംഘവുമാണ് വന്നത്. അവര്‍ എന്ത് ബുദ്ധിമുട്ടാണ് അവന് ഉണ്ടാക്കിയതെന്ന് എനിക്കറിയില്ല. ഉത്തരം നല്‍കേണ്ടത് അവരാണ്. ഇന്‍കം ടാക്‌സിന്റെ ബുദ്ധിമുട്ടിക്കല്‍ കൂടുതലാണെന്ന് റോയ് നിരവധി തവണ പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11 മണിയ്ക്ക് കൂടി എന്നെ വിളിച്ചിരുന്നു. ഇന്‍കം ടാക്‌സുകാര്‍ എപ്പോഴാണ് പോകുന്നതെന്ന് അറിയില്ലെന്നും ഞാന്‍ എപ്പോഴാണ് വരുന്നതെന്നും ചോദിച്ചു. അവന്‍ നാല് ദിവസമായി സമ്മര്‍ദത്തിലായിരുന്നു. ഞാന്‍ സമാധാനപ്പെടുത്തിയതാണ്. പക്ഷെ അവന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അത്രതന്നെ. എന്റെ അനിയനാണ് റോയ്': ബാബു പറഞ്ഞു. സി ജെ റോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും നല്ല ബാങ്ക് ബാലന്‍സ് ഉളള ആളാണ് റോയ് എന്നും ബാബു പറഞ്ഞു. ലൈസന്‍സുളള പിസ്റ്റല്‍ ഉപയോഗിച്ചാണ് റോയ് ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read:

ഇന്ന് ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Content Highlights: Roy was under pressure from the Income Tax Department says Brother Babu Roy

dot image
To advertise here,contact us
dot image