

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയതിൽ പ്രതികരിച്ച് കോൺഫിഡൻ്റ് ഗ്രൂപ്പ് കേരള മാനേജര്‍ അബിൽ. ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനിടെ സമ്മർദം താങ്ങാൻ കഴിയാതെയാവാം അദ്ദേഹം ജീവനൊടുക്കിയതെന്ന് അബിൽ റിപ്പോർട്ടറിനോട് പറഞ്ഞു.
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നതായി അറിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ജന്മദിനാഘോഷം ഈ മാസം 12 ന് നടത്താൻ ഇരിക്കുകയായിരുന്നു. ആദായ വകുപ്പിൻ്റെ റെയ്ഡ് നടക്കുന്നതിനാൽ മാറ്റിവെയ്ക്കുകയായിരുന്നു. വളരെ സെൽഫ് റെസ്പെക്റ്റ് കീപ്പ് ചെയ്യുന്ന വ്യക്തിയായിരുന്നു സി ജെ റോയ്. താനൊക്കെ റോൾ മോഡലായി കണ്ടിരുന്ന ആളാണ് റോയ് എന്നും അബിൻ പറഞ്ഞു.
ചോദ്യം ചെയ്യുന്നതിനിടെ അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ദുബായിൽ ആയിരുന്ന അദ്ദേഹം ഇന്നലെയാണ് ബെംഗളൂരുവിൽ എത്തിയത്. അദ്ദേഹത്തിൻ്റെ അടുത്ത സുഹ്യത്ത് റിയാസും ഒപ്പം ഉണ്ടായിരുന്നു. റിയാസിനോട് റോയി ഏട്ടൻ ഹാപ്പിയാണോ എന്ന് താൻ തിരക്കിയിരുന്നു. എന്താണ് ഇതിൻ്റെ ഇടയിൽ സംഭവിച്ചത് എന്നറിയില്ല. നേരായ മാർഗത്തിലൂടെ സഞ്ചരിക്കണം എന്ന് ചിന്തിച്ചിരുന്ന ആളാണ് റോയ് എന്നും അബിൻ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
തൃശൂർ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.
Content Highlight : Confident Group Kerala Manager Abil reacts to Confident Group owner CJ Roy's Death