

ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ 56 കാരന്‍ ഡോ സിജെ റോയ് ജീവനൊടുക്കിയെന്ന വാര്‍ത്ത ബിസിനസ് ലോകം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിവരുന്നതിനിടെ സ്വയം വെടി ഉതിര്‍ത്ത് മരിക്കുകയായിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിനെയും സി ജെ റോയിയെയുമാണ് സാധാരണക്കാരന് സുപരിചിതം.
റിയാലിറ്റി ഷോകളില്‍ വമ്പന്‍ പ്രൈസ് മണിയോ ഫ്ളാറ്റോ സമ്മാനമായി നല്‍കുന്ന സ്ഥാപനമെന്നത് അദ്ദേഹത്തെ മലയാളികള്‍ ഒരിക്കലും മറക്കാത്ത ബിസിനസ്‌കാരനാക്കി. സിനിമാ മേഖലയിലും തന്റെ വരവറിയിച്ച സി ജെ റോയുടെ മുഖം ഏവര്‍ക്കും സുപരിചിതവുമാണ്. കേരളത്തില്‍ ജനിച്ച് ബംഗളുരുവില്‍ വളര്‍ന്ന സി. ജെ റോയ് ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി എച്ച്പിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സ്വന്തം കമ്പനി ആരംഭിച്ചത്. ദക്ഷിണേന്ത്യയില്‍ കമ്പനി വമ്പന്‍ വളര്‍ച്ച നേടിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേക്ക് അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു.
സ്വന്തം നിലപാടുകളും തീരുമാനങ്ങളും കൊണ്ട് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ വലിയ വളര്‍ച്ചയാണ് അദ്ദേഹം നേടിയത്. 2006ലാണ് റിയല്‍ എസ്റ്റേറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. 165 ലധികം ആഡംബര പദ്ധതികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍, വാണിജ്യ സമുച്ചയങ്ങള്‍, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
പതിനയ്യായിരത്തിലധികം ഫ്ളാറ്റ് ഉടമകളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റേതായി ഉള്ളത്. 2000ല്‍ ലോകമൊട്ടാകെയും യുഎസിലുമുണ്ടായ ഡോട്ട് കോം കുമിളയെന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ബിസിനസുകള്‍ തിരിച്ചടി നേരിട്ടപ്പോള്‍ അതിനെതിരെ നീന്തി മുന്നേറിയ സി ജെ റോയ് പിന്നീട് കാലെടുത്ത് വച്ചത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കാണ്. റിയല്‍ എസ്റ്റേറ്റ് പോലുള്ള നിക്ഷേപ-ഭാരമുള്ള ബിസിനസുകളെ ബാധിക്കുന്ന പലിശ കുരുക്കുകളും കടബാധ്യതകളും വിജയകരമായി അദ്ദേഹം മറികടന്നു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി, റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേട്ടങ്ങള്‍ വ്യവസായത്തെ വിജയത്തിന്റെ കൊടുമുടിയിലേക്ക് ഉയര്‍ത്തി. ജോലിക്ക് അനുയോജ്യമായ ടീമിനെ സജ്ജമാക്കുകയും അവരും സംരംഭവും തമ്മില്‍ സമ്പന്നവും പ്രതിഫലദായകവുമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ഡോ. റോയിയുടെ ദീര്‍ഘകാല തന്ത്രത്തിന്റെ ഫലമാണിത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവും പതിനാറു മണിക്കൂറോളമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ബിസിനസ് മേഖലയില്‍ തന്റെ വിജയങ്ങള്‍ ഒന്നൊന്നായി കെട്ടിപ്പടുക്കുമ്പോഴും കുടുംബത്തിനായി സമയം ചിലവഴിക്കാന്‍ അദ്ദേഹം മറന്നിട്ടില്ല. ഭാര്യ ലിനി റോയും മക്കളായ റോഹിത്, റിയ എന്നിവരും ബിസിനസില്‍ അദ്ദേഹത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ ആതുരസേവന മേഖലയിലെ പദ്ധതികളുടെ നേതൃത്വം വഹിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. മകന്‍ രോഹിത്താണ് ഇന്റര്‍നാഷണല്‍ ബിസിനസ് ആന്‍ഡ് ഡിസൈന്‍ വെര്‍ട്ടിക്കല്‍ അറ്റ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഹെഡായി പ്രവര്‍ത്തിക്കുന്നത്. ഇരുവര്‍ക്കും സ്‌പോര്‍ട്‌സ് കാറുകളോടുള്ള പ്രിയം വലിയൊരു കാര്‍ ശേഖരണത്തിന്റെ പിറവിക്ക് കാരണമാകുകയും ചെയ്തു.
ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ വാങ്ങുന്നത് ഒരു ബിസിനസ് എന്ന നിലയിലാണ് അദ്ദേഹം സമീപിക്കുന്നത്. മാരുതി 800 ല്‍ തുടങ്ങിയ അദ്ദേഹത്തിന് മരണപ്പെടുമ്പോള്‍ നിരവധി റോള്‍സ് റോയ്സ് അടക്കമുള്ള ആഡംബര കാറുകളുടെ ഒരു നിര തന്നെ സ്വന്തമായിട്ടുണ്ടായിരുന്നു. സിനിമാമേഖലയിലും തന്റെ സാന്നിധ്യം ഉറപ്പിച്ച അദ്ദേഹമാണ് മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന ഖ്യാതി നേടിയ കാസനോവ നിര്‍മിച്ചത്. പിന്നീട് മലയാളത്തിലും കന്നടത്തിലുമടക്കം 11ഓളം സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്.
കേരളത്തിലെ പ്രളയ ബാധിതര്‍ക്കായി നൂറോളം വീടുകളാണ് അദ്ദേഹം നിര്‍മിച്ചത്. ഇതിന്റെ മുഴുവന്‍ ചിലവും വഹിച്ചത് കോണ്‍ഫിഡന്റ് ഗ്രൂപ്പാണ്. ഇതുകൂടാതെ നൂറോളം ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളും ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. കാന്‍സര്‍, തിമിരം പോലുള്ള അസുഖബാധിതര്‍ക്കും താങ്ങും തണലുമായി തീര്‍ന്ന അദ്ദേഹം നിരവധി കുട്ടികളുടെ പഠനചിലവും വഹിച്ചിരുന്നു. സിജെ റോയിയുടെ ആകെ ആസ്തി 1 ബില്യണ്‍ യുഎസ് ഡോളറാണെന്ന് റിപ്പോര്‍ട്ട്.
Content highlights: Learn about Confident Group founder and chairman Dr. C.J. Roy, his business empire in real estate and other sectors, and details about his death, career, and estimated net worth