

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കത് ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന്‍ മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ് സി ജെ റോയ് എന്നും അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എനിക്കത് ഉള്‍ക്കൊളളാനായിട്ടില്ല. ഒരുപാട് വര്‍ഷത്തെ ബന്ധമാണ്. മോഹന്‍ലാല്‍ സാറും ഞങ്ങളുമൊക്കെ വളരെ സൗഹൃദത്തിലുളള കാലഘട്ടമായിരുന്നു. ഞങ്ങളോടൊപ്പം പല സിനിമകളിലും അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ട്. കാസനോവ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ്. അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാന്‍ പറ്റാത്തതാണ്. ഞെട്ടലുണ്ടാക്കി. എന്തോ നഷ്ടപ്പെട്ട ഫീലിലാണ് ഇരിക്കുന്നത്. രണ്ടാഴ്ച്ച മുന്‍പ് കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വളരെനേരം സംസാരിച്ചിട്ടാണ് പോന്നത്. കൊച്ചിയിലാണെങ്കിലും ദുബായില്‍ പോകുന്ന സമയത്തും എപ്പോഴും അദ്ദേഹവും കുടുംബവുമായി സൗഹൃദങ്ങള്‍ പങ്കുവെച്ചിട്ടുളള ആളാണ് ഞാന്‍. അവിശ്വസനീയമായ കാര്യമാണ് ആ മരണം': ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Content Highlights: Antony Perumbavoor Remembers Confident Group Owner C J Roy on his demise