

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ മേഘാലയയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത മേഘാലയ വെറും 106 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ 62 റൺസിൻ്റെ ലീഡുണ്ട്.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ശരിവയ്ക്കും വിധം മികച്ച തുടക്കമാണ് ബൗളർമാർ കേരളത്തിന് നൽകിയത്. നാല് റൺസെടുത്ത ഓപ്പണർ അവിനാഷ് റായിയെ രണ്ടാം ഓവറിൽ തന്നെ പവൻ രാജ് പുറത്താക്കി. രോഹിത്, പുഷ്കർ എന്നിവരെക്കൂടി പവൻ രാജ് തന്നെ മടക്കിയതോടെ മൂന്ന് വിക്കറ്റിന് 24 റൺസെന്ന നിലയിലായിരുന്നു മേഘാലയ.
നാലാം വിക്കറ്റിൽ ക്യാപ്റ്റൻ കെവിൽ ക്രിസ്റ്റഫറും ജോസ്യ മോമിനും ചേർന്ന് 31 റൺസ് കൂട്ടിച്ചേർത്തെങ്കിലും, ഇരുവരെയും പുറത്താക്കി ജിഷ്ണു കളി കേരളത്തിൻ്റെ വരുതിയിലാക്കി. ജോസ്യ 34-ഉം കെവിൻ 10-ഉം റൺസ് നേടി. വാലറ്റക്കാർ ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഒരോവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ജെ.എസ്. അനുരാജ് മേഘാലയയുടെ ഇന്നിങ്സിന് അവസാനമിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ അനുരാജിന് പുറമെ പവൻ രാജും ജിഷ്ണുവും മൂന്ന് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണനാരായണിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ എസ്.എസ്. അക്ഷയും വരുൺ നായനാരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് കരുത്തായി. 134 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 73 റൺസെടുത്താണ് അക്ഷയ് മടങ്ങിയത്. എന്നാൽ വരുൺ നായനാർ 71 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. 14 റൺസുമായി ഷോൺ റോജറും കളി നിർത്തുമ്പോൾ ക്രീസിലുണ്ട്.
Content highlights:ck naidu trophy; kerala vs meghalaya