മതം തന്നെയാണ് പ്രശ്‌നം, 2012ല്‍ CPIM ഇത് തിരുത്തിയതാണ്: ഷാജിയെ പിന്തുണച്ച് ചന്ദ്രികയില്‍ MSF നേതാവിൻ്റെ ലേഖനം

മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നമെന്ന കമ്യൂണിസ്റ്റ് മുദ്രാവാക്യത്തിനുള്ള മറുപടിയായാണ് കെ എം ഷാജി ഒരു പ്രസംഗത്തില്‍ ഈ പരാമര്‍ശം നടത്തിയത്

മതം തന്നെയാണ് പ്രശ്‌നം, 2012ല്‍ CPIM ഇത് തിരുത്തിയതാണ്: ഷാജിയെ പിന്തുണച്ച് ചന്ദ്രികയില്‍ MSF നേതാവിൻ്റെ ലേഖനം
dot image

കൊച്ചി: 'മതമാണ് പ്രശ്‌നം' എന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് എംഎസ്എസ്. 'മതം തന്നെയാണ് പ്രശ്‌നം' എന്ന തലക്കെട്ടോടെ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന്റെ ലേഖനമാണ് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിക്കുന്നത്. മതമല്ല, മതമല്ല പ്രശ്‌നമെന്ന് പാടിയ സിപിഐഎം 2012 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അത് തിരുത്തിയെന്നും, ചരിത്രപരമായ തിരുത്താണ് അതെന്നും നജാഫ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ തുലാസ്സില്‍ ഇന്ത്യാ മഹാരാജ്യത്തെ അളന്നെടുക്കാന്‍ പരാജയപ്പെട്ടുവെന്ന് സിപിഐഎം 2012 ലെ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പറയുന്നുണ്ടെന്നും ജാതി / മത സ്വത്വങ്ങളാണ് ഇന്ത്യയെന്ന യഥാര്‍ഥ്യമെന്നും മര്‍ദ്ദിത ജനതയുടെ അടിസ്ഥാന പ്രശ്‌നം ജാതിയാണെന്നും അവര്‍ പിന്നീട് മനസ്സിലാക്കിയെന്നും നജാഫ് പറയുന്നു.

'മതം ഒരു പ്രശ്‌നമല്ലെന്നും സമൂഹത്തെയാകെ കേവല മനുഷ്യരായി പരിഗണിക്കണമെന്നും സിപിഐഎം ആവശ്യപ്പെടുമ്പോള്‍ റദ്ദ് ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തപ്പെടുന്നവരും അവകാശങ്ങള്‍ ഹനിക്കപ്പെട്ടവരും അധികാരത്തിന്റെയും വിഭവ കേന്ദ്രീകരണത്തിന്റെയും ആനുകൂല്യങ്ങള്‍ എല്ലാം അനുഭവിക്കുന്നവരും ഒറ്റ പരിഗണനയില്‍ വരും. സംവരണത്തിന്റെയും സമത്വത്തിന്റെയും സമവാക്യങ്ങള്‍ അട്ടിമറിയ്ക്കുന്ന കോര്‍പ്പറേറ്റ് നീതിയാണ് നടപ്പാക്കപ്പെടുക. അതാണോ സിപിഐഎം മുന്നോട്ടുവയ്ക്കുന്ന സാമൂഹിക നീതി'യെന്നും ലേഖനത്തിലൂടെ നജാഫ് ചോദിക്കുന്നു.

രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക യഥാര്‍ഥ്യം സംബന്ധിച്ച് വെളിച്ചംവീശുന്ന ആദ്യത്തെ പഠനം സച്ചാര്‍ കമ്മിറ്റിയുടെതാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുകയും നടപ്പാക്കാന്‍ ഫണ്ട് അനുവദിക്കുകയും ചെയ്തത് സിപിഐഎം പിന്തുണയില്‍ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരാണ്. സംവരണത്തിനും ക്ഷേമരാഷ്ട്ര നിര്‍മാണത്തിനും മുസ്ലീങ്ങള്‍ പ്രത്യേകമായി പരിഗണിക്കപ്പടാന്‍ അര്‍ഹതയുള്ളവരാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഇപ്പോഴും സിപിഐഎം തളിപ്പറഞ്ഞിട്ടില്ല. കൂടാതെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേകം ഉപസമിതിയെ നിയോഗിച്ച് പഠനം നടത്തിയതും സഖാവ് വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. പിന്നീടെപ്പോഴാണ് സിപിഐഎമ്മിന് മതം പ്രശ്‌നമല്ലാത്തതായി മാറിയതെന്നും ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

'മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നമെന്ന കമ്യൂണിസ്റ്റ് മുദ്രാവാക്യത്തിനുള്ള മറുപടിയായാണ് കെ എം ഷാജി ഒരു പ്രസംഗത്തില്‍ ഈ പരാമര്‍ശം നടത്തിയത്. മതത്തിന്റെ പേര് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ പക്ഷെ മതപരമായി ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും അഭയാര്‍ഥികളും അനുഭവിക്കുന്ന അവഗണനയും അടിച്ചമര്‍ത്തലുകളും മനസിലാക്കണമെന്നില്ല. ഫാസിസം അധികാരത്തിലിരിക്കുന്ന പുതിയ കാലത്ത് മതത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കുമ്പോള്‍ മതം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കൂടിയാണ്. ഭക്ഷണവും വസ്ത്രവും കലയും ആഘോഷങ്ങളും വരെ മതത്തിന്റെ പേരില്‍ വിലക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മതം എന്ന സ്വത്വബോധം ജനാധിപത്യപരമായി സംരക്ഷിക്കപ്പെടേണ്ടതാണ്. ഭക്ഷണത്തിന്റെ പേരില്‍ മുസ്ലിം ചെറുപ്പക്കാര്‍ ട്രെയിനിലും പൊതുഇടങ്ങളിലും ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ പ്രകോപനം സൃഷ്ടിക്കും വിധം ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തിയതും മതമെന്ന സ്വത്വസംരക്ഷണത്തിനാണല്ലോ? പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഒരു ജനതയെ ആകെ കുടിയൊഴിപ്പിയ്ക്കാനും അന്യവല്‍ക്കരിക്കാനും ശ്രമിക്കുമ്പോള്‍ മതം ഒരു രാഷ്ട്രീയ സമസ്യയാണ്', ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. മതനിരാസമല്ല ഇന്ത്യന്‍ മതേതരത്വം മറിച്ച് എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുകയാണ്. മതേതരത്വത്തിന്റെ പേരില്‍ മതവിരുദ്ധതും ഇസ്ലാമോഫോബിയയും കടത്തിവിടാനുള്ള സിപിഐഎം ഗൂഢാലോചന തിരിച്ചറിയണമെന്നുപറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Content Highlights: C K Najaf artcle supporting K M shaji in Chandrika News Paper

dot image
To advertise here,contact us
dot image