എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ്; SIR മതന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി

എസ്‌ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി

എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ്; SIR മതന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി നിയമനിർമാണം നടത്തും. പദ്ധതിയുടെ ചെലവുകൾക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കിവെക്കുന്നതായും മന്ത്രി വ്യക്തമാക്കി. എസ്‌ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനാണ് കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read:

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ സംസ്ഥാന സർക്കാരും എൽഡിഎഫും ശക്തമായി എതിർക്കുകയുണ്ടായെന്ന് പറഞ്ഞ മന്ത്രി, എസ്‌ഐആറിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും വ്യക്തമാക്കി. എസ്‌ഐആർ നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തലമുറകളായി കേരളത്തിൽ ജീവിച്ചുവരുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രിപറഞ്ഞു.

സംസ്ഥാനത്ത് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുമ്പ് പറഞ്ഞിരുന്നു. പൗരത്വ വിഷയത്തിലുള്ള പ്രതിരോധമാണ് പുതിയ കാർഡെന്നും ഇതിന് നിയമപ്രാബല്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ബജറ്റിൽ പദ്ധതിക്കായി തുക നീക്കിവെക്കുന്നത്.

അതേസമയം ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കുമെന്നും ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തുകയാണെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി, ഇതോടെ ഒന്നു മുതൽ ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം സാധ്യമാകുമെന്നും വ്യക്തമാക്കി.

ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നടപ്പാക്കും. ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾക്കും ഇൻഷുറൻസ് ഏ‍ർപ്പെടുത്തും. സംസ്ഥാനത്തെ കാർഷിക രംഗം മെച്ചപ്പെട്ടുവെന്നും കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. കാർഷിക മേഖലയ്ക്ക് 2024 കോടി രൂപയാണ് പ്രഖ്യാപിച്ചത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ്പ് ഫണ്ടായി രണ്ട് കോടി രൂപ വകയിരുത്തി. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടിയും അനുവദിച്ചു.

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലും പദ്ധതി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ സംസ്ഥാന വിഹിതമായി അധികം അനുവദിച്ചുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 20 കോടി രൂപ മാറ്റിവെക്കുമെന്ന് ബാലഗോപാല്‍ വ്യക്തമാക്കി.

Content Highlights:‌ Finance Minister K N Balagopal said in his budget announcement that nativity cards will be issued to all citizens of the state

dot image
To advertise here,contact us
dot image