

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം.
ഇന്നുതന്നെ ശ്രീകുമാര്‍ ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാറിന്റെ വാദം. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒപ്പിടുകയെന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും ശ്രീകുമാര്‍ വാദിച്ചു.
അതേസമയം, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണം വലിയ അളവിൽ നഷ്ടപ്പെട്ടെന്ന നിർണായക മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, പാളികൾ പൂർണമായും നഷ്ടപ്പെട്ടിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റി തിരികെയെത്തിച്ചത് ഡ്യൂപ്ലിക്കേറ്റ് പാളികളാണെന്ന സാധ്യത തള്ളി വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞർ എസ്ഐടിക്ക് മൊഴി നൽകിയത്.
2025 ൽ ദ്വാരപാലക പാളികൾ സ്വർണം പൂശിയതിൽ ഗൂഢാലോചനയുണ്ടോയെന്നത് എസ്ഐടി അന്വേഷിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി 2019 ൽ സ്വർണം പൂശാനായി കൊണ്ടുപോയ കട്ടിളപ്പാളികളിൽ നിന്ന് ഗണ്യമായ അളവിൽ സ്വർണം നഷ്ടപ്പെട്ടെന്ന എസ്ഐടി കണ്ടെത്തൽ സ്ഥിരീകരിച്ചാണ് വിഎസ്എസ് സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി.
എത്രത്തോളം സ്വർണം നഷ്ടപ്പെട്ടെന്നതിൽ വ്യക്തത വരുത്താനുള്ള കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ മൊഴി നൽകി. എന്നാൽ കട്ടിളയിലെ പാളികൾ നഷ്ടപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും മൊഴിയിലുണ്ട്. സാമ്പിൾ ശേഖരിച്ച പാളികൾ നഷ്ടപ്പെട്ടിട്ടില്ല. പോറ്റി സ്വർണം പൂശിയ ശേഷം തിരികെ കൊണ്ടുവെച്ച ഈ പാളികൾ ഒറിജിനൽ തന്നെയാവാം. ഇത് സ്ഥിരീകരിക്കാൻ വിശദ പരിശോധനയിൽ മാത്രമേ സാധിക്കൂവെന്നും മൊഴിയിലുണ്ട്. പാളികളുടെ രാസഘടനയിലുണ്ടായ വ്യത്യാസത്തിലും ശാസ്ത്രജ്ഞർ വിശദീകരണം നൽകി. സ്വർണം പൂശാനായി രാസലായനി കൂടി ഉപയോഗിച്ചപ്പോഴുണ്ടായ മാറ്റമാണിതെന്നും മൊഴിയിലുണ്ട്. ഇക്കാര്യം എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
Content Highlights: Former Sabarimala administrative officer S Sreekumar granted bail in gold theft case