

ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയല്ല എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത്. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അനുകൂലിച്ചു. തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ എന്‍എസ്എസിന്റെ ബോര്‍ഡ് തീരുമാനം മറിച്ചായി. അതില്‍ തനിക്ക് വിഷമമോ പ്രതിഷേധമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. നായര്‍ സമുദായം സഹോദര സമുദായമാണ്. സുകുമാരന്‍ നായരെ ആരും അധിക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കി കത്തിക്കാന്‍ ഇറക്കി. തന്നെ കത്തിച്ചാല്‍ കത്തുമോ? പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഐക്യം കാലഘട്ടത്തിന്റെ അനിവാര്യമാണ്. താന്‍ അക്കാര്യം പറഞ്ഞപ്പോള്‍ സഹകരിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇരട്ടി പിന്‍ബലം തന്ന് കരുത്തന്‍ ആക്കിയ ആളാണ് സുകുമാരന്‍ നായര്‍. തന്റെ മകനെ സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞ ആളാണ് സുകുമാരന്‍ നായര്‍. രാജാവ് നഗ്നനാണെന്ന് പറയാന്‍ നിഷ്‌കളങ്കനെ സാധിക്കൂ. അങ്ങനെ നിഷ്‌കളങ്കനാണ് സുകുമാരന്‍ നായര്‍. ഐക്യം സംബന്ധിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. ഇപ്പോള്‍ പറയുന്നത് സംഘടനയുടെ തീരുമാനം. ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നാണ് പറഞ്ഞത്. തന്നെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനാണ് ചിലരുടെ ശ്രമം എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്‍എസ്എസ് നേതൃത്വത്തെയും സുകുമാരന്‍ നായരേയും തള്ളി പറയരുത്. ചോര കുടിക്കാന്‍ നടക്കുന്നവരുണ്ട്. മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റി. ഞങ്ങള്‍ എല്ലാം ഹിന്ദുക്കളാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതെല്ലാം സംഭവിക്കും. സുകുമാരന്‍ നായര്‍ കാണിച്ച വിശാലമനസ്‌കത തനിക്ക് ഇരട്ടി ശക്തിയും തന്റേടവും നല്‍കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Content Highlights: Vellappallay Natesan praise G sukumaran Nair called selfless and honorable