'മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചു'; വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

വി ജോയ് എംഎൽഎയാണ് വി ഡി സതീശനെതിരെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്

'മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചു'; വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്
dot image

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്. വി ജോയ് എംഎൽഎയാണ് സ്പീക്കർ എ എൻ ഷംസീറിന് നോട്ടീസ് നൽകിയത്. പൊതുമധ്യത്തിൽ മന്ത്രിയെ അപമാനിച്ചെന്നാണ് പരാതി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു വി ശിവൻകുട്ടിക്കെതിരായ വി ഡി സതീശന്‍റെ വിമർശനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞതിനെ തുടർന്നാണ് സതീശൻ ശിവൻകുട്ടിയെ കടന്നാക്രമിച്ചത്.

ശിവൻകുട്ടി മന്ത്രിയായി ഇരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടിവന്നത് കുട്ടികളുടെ ഗതികേട് ആണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞിരുന്നു. നിയമസഭയിൽ ഡെസ്‌കിനുമുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നത്. വിവരമില്ലാത്തവർ മന്ത്രിമാരായാൽ ഇങ്ങനെയൊക്കെ സംഭവിക്കും. എക്‌സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ലെന്നും വി ഡി സതീശൻ വിമർശിച്ചു. .

അതേസമയം,സതീശന്റേത് തരംതാണ പദപ്രയോഗമാണെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. എടാ, പോടാ പദപ്രയോഗം നടത്തിയെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് അതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അണികളെ ആവേശഭരിതരാക്കാന്‍ വേണ്ടിയാണ് ഇത്തരം പദപ്രയോഗം നടത്തുന്നത്. അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുമെന്നും വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രിക്കെതിരെ പോലും വളരെ മോശം വാക്കുകള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പേടിച്ചു പോയെന്ന ബോര്‍ഡ് സതീശന്റെ വലിയ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും വെച്ചു. ഞങ്ങളുടെ മാന്യത കൊണ്ട് തിരിച്ച് ചെയ്തിട്ടില്ല. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ മൂത്രമൊഴിച്ചു പോകും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്', വി ശിവന്‍കുട്ടി പറഞ്ഞു.

'ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടി അല്ല. വിനായക് ദാമോദര്‍ സതീശന്‍ ആണ്. ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സമനില തെറ്റിയ നിലയില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശന്‍. മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ കഴിയില്ല' എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights:‌ A Rights violation notice has been issued against Opposition Leader V D Satheesan, alleging that he insulted Minister V Sivankutty

dot image
To advertise here,contact us
dot image