'പെന്‍ഷന്‍ 2000 രൂപയാക്കി, അത് ചെറിയ കാര്യമല്ല; ഇലക്ഷന്‍ ബംമ്പര്‍ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടത് രീതിയല്ല'

കേന്ദ്രം ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെ രണ്ടരലക്ഷം കോടി രൂപയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു

'പെന്‍ഷന്‍ 2000 രൂപയാക്കി, അത് ചെറിയ കാര്യമല്ല;  ഇലക്ഷന്‍ ബംമ്പര്‍ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടത് രീതിയല്ല'
dot image

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ 2,000 രൂപയാക്കിയത് ചെറിയ കാര്യമല്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പ് വരുത്തലാണ് പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇലക്ഷന്‍ ബംമ്പര്‍ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും കെ എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടാവില്ലെന്ന സൂചനയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ഡി എ കുടിശിക കൊടുത്തുതീര്‍ക്കലും അവരുടെ അവകാശമാണ്. അവയെല്ലാം ബജറ്റില്‍ തന്നെ പ്രഖ്യാപിക്കണം എന്നില്ലല്ലോ എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പ് ബംമ്പര്‍ എന്ന നിലയ്ക്ക് ബജറ്റില്‍ വാരിക്കോരി കൊടുക്കുന്നവരല്ല ഇടതുപക്ഷം. ജനങ്ങള്‍ക്കുവേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാവും ഈ ബജറ്റും', കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെ രണ്ടരലക്ഷം കോടി രൂപയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഈ പ്രതിസന്ധിയില്ലാത്തപ്പോഴും 18 മാസക്കാലം പെന്‍ഷന്‍ കൊടുക്കാതിരുന്ന പഴയ ചരിത്രമുണ്ട്. ഇടയ്ക്ക് വലിയ ബുദ്ധിമുട്ട് വന്നതോടെ അഞ്ച് മാസത്തെ കുടിശ്ശിക വന്നെങ്കിലും അതെല്ലാം മാറി പെന്‍ഷന്‍ 2,000 രൂപയാക്കി. അത് അത്ര ചെറിയ കാര്യമല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഇ ശ്രീധരന്‍ പറയുന്ന അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചൊന്നും അറിയില്ല. അതിവേഗ യാത്രാസൗകര്യങ്ങള്‍ വേണം. ഇ ശ്രീധരന്‍ പറയുന്ന അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

2026 27 വര്‍ഷത്തെ സംസ്ഥാന ബജറ്റ് നാളെയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും ബജറ്റില്‍ വ്യക്തമാകും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ വന്‍തുക നീക്കിവെക്കാന്‍ സാധ്യതയുണ്ട്.

Content Highlights: Pension hike to Rs 2,000 not a small thing KN Balagopal hints that there will be no increase

dot image
To advertise here,contact us
dot image