ക്ഷേമ പെൻഷൻ 2000ത്തില്‍ കൂടുമോ? മദ്യത്തിന്‍റെ കാര്യം എന്താകും? സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന -ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ക്ഷേമ പെൻഷൻ 2000ത്തില്‍ കൂടുമോ? മദ്യത്തിന്‍റെ കാര്യം എന്താകും? സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത
dot image

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന-ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്ന വിഷയമാണ്. ഇപ്പോൾ നൽകുന്ന 2000 രൂപ സാമൂഹ്യ ക്ഷേമപെൻഷൻ ഇനിയും ഉയർത്താനും നേരിട്ട് വലിയ തുകയിലേക്ക് ഉയർത്തുന്നതിന് പകരം ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധന പരിഗണിക്കാനും സാധ്യതയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

റബർ താങ്ങുവില വർധിപ്പിക്കൽ, ദാരിദ്ര്യ നിർമാർജ്ജന പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. പുതുതായി പ്രഖ്യാപിച്ച പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ, യുവാക്കൾക്കുള്ള കണക്ടു കണക്ട് വർക്ക് സ്‌കോളർഷിപ്പ് എന്നിവയുടെ തുകയും വർധിപ്പിക്കാൻ സാധ്യതയുണ്ട്. വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികളും പ്രതീക്ഷിക്കാം. മദ്യത്തിന് ഇനിയും വില കൂട്ടുമോയെന്ന ചോദ്യങ്ങളും സംശയങ്ങളും ശക്തമാണ്.

2026 -27 വർഷത്തെ സംസ്ഥാന ബജറ്റ് നാളെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക. ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സർക്കാരിന്‍റെ പ്രഖ്യാപനം. വരുമാനം വർദ്ധിപ്പിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും ബജറ്റിൽ വ്യക്തമാകും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ വൻതുക നീക്കിവെക്കാൻ സാധ്യതയുണ്ട്.

Content Highlights:‌ Expectations are high that the final budget of the second Pinarayi Vijayan government will include people-friendly announcements

dot image
To advertise here,contact us
dot image