

മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അപകടത്തിൽ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല.
1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
Content Highlights: Maharashtra deputy CM and NCP Leader Ajit Pawar dead in Baramati plane crash