

20 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌തുമസ് –പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. പതിവ് പോലെ ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 55 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 54,08,880 ടിക്കറ്റുകൾ വെള്ളിയാഴ്‌ച ഉച്ചയോടെ വിറ്റു പോയിരുന്നു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേർക്ക് നൽകും. മൂന്നാം സമ്മാനമായി 20 വിജയികൾക്ക് പത്ത് ലക്ഷം രൂപ വീതവും ലഭിക്കും. നാലാം സമ്മാനമായി 20 വിജയികൾക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികൾക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ ഒരു ലക്ഷം വീതമുള്ള ഒൻപത് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. 400 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും ഭാഗ്യശാലിയുടെ കൈകളിലേക്ക് സ്വാഭാവികമായും അത്രയും രൂപ എത്തില്ല. ഏത് ലോട്ടറിയും പോലെ ക്രിസ്തുമസ് ബംമ്പറിനും നികുതിയുണ്ട്. അതുകൊണ്ട് തന്നെ ഏകദേശം 10.3 കോടി രൂപയാകും ജേതാവിന് വിനിയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ലഭിക്കുക. 10 ശതമാനമാണ് ലോട്ടറിയുടെ ഏജന്റ് കമ്മീഷൻ. അതായത് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ഏജന്റ് കമ്മീഷനായി ഈടാക്കും.
ഏജന്‍റ് കമ്മീഷന്‍ കഴിഞ്ഞുള്ള 18 കോടി രൂപയില്‍ നിന്നും 30 ശതമാനത്തോളം വിവിധ നികുതികളായി ഈടാക്കും. ഇതിന് ശേഷം വരുന്ന12.6 കോടി രൂപയാണ് ജേതാവിന്‍റെ അക്കൗണ്ടിൽ എത്തുക. പക്ഷേ അവിടെകൊണ്ടും പണം പോകുന്ന വഴി അവസാനിക്കുന്നില്ല. നികുതി തുകയിൽ നിന്ന് 37 ശതമാനം സർചാർജ് അടയക്കണം. അതായത് ഏകദേശം 1.99 കോടി രൂപ. അതിന് പുറമെ ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ് കൂടി അടക്കേണ്ടതുണ്ട്. ക്രിസ്തുമസ് ബംമ്പറിന്റെ കാര്യത്തിൽ അത് ഏകദേശം 29.59 ലക്ഷം രൂപ വരും. ഇത്തരത്തില്‍ എല്ലാ തരത്തിലുള്ള നികുതിയും ചാർജുകളും കിഴിച്ചാല്‍ ഏകദേശം 10.3 കോടി രൂപയോളമാണ് വിജയികൾക്ക് ഉപയോഗിക്കാൻ സാധിക്കുക.
ക്രിസ്‌തുമസ് –പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലം എങ്ങനെ അറിയാം
കേരള ക്രിസ്മസ് ബംപർ ഫലങ്ങൾ നറുക്കെടുപ്പിനിടെ തൽസമയം പ്രഖ്യാപിക്കുകയും വൈകുന്നേരം ഏകദേശം നാലുമണിയോടെ https://www.lotteryagent.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. അന്തിമ അതോറിറ്റിയായി കണക്കാക്കപ്പെടുന്ന കേരള സർക്കാർ ഗസറ്റിലും ഫലങ്ങൾ ഉണ്ടായിരിക്കും.
ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യണം
ആദ്യം ടിക്കറ്റിന്റെ പുറകില്‍ ഉടമയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി എഴുതണം. ടിക്കറ്റ് നഷ്ടപ്പെടുകയോ മറ്റാരെങ്കിലും കൈവശം വയ്ക്കുകയോ ചെയ്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് വളരെ പ്രധാനമാണ്. ടിക്കറ്റിന്റെ ഒരു ഫോട്ടോ കോപ്പി മൊബൈലില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. രണ്ടാമതായി, ഫലം ഔദ്യോഗികമായി സ്ഥിരീകരിക്കണം. സോഷ്യല്‍ മീഡിയയിലൂടെയോ അനൗദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ലഭിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാതെ കേരള സംസ്ഥാന ലോട്ടറി വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലപ്പട്ടികയുമായി ടിക്കറ്റ് നമ്പര്‍ താരതമ്യം ചെയ്യണം.
സമ്മാനത്തുകയനുസരിച്ച് പണം നല്‍കുന്ന നടപടികള്‍ വ്യത്യസ്തമാണ്. 5000 രൂപ വരെ ഉള്ള സമ്മാനങ്ങള്‍ അംഗീകൃത ലോട്ടറി ഏജന്റിലൂടെ കൈപ്പറ്റാം. അതിലധികം തുകയാണെങ്കില്‍ സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാണ് ലഭിക്കുക. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചാല്‍ ലോട്ടറി ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കണം. പൂരിപ്പിച്ച ക്ലെയിം ഫോറം, വിജയിച്ച ലോട്ടറി ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പാസ്‌ബുക്ക് പകര്‍പ്പ്, പാന്‍ കാര്‍ഡ് എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്.
വലിയ സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ സാമ്പത്തിക വിദഗ്ധരുടെയോ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെയോ ഉപദേശം തേടുന്നത് നല്ലതാണ്. നികുതി ബാധ്യത, നിക്ഷേപ സാധ്യതകള്‍, ഭാവി സുരക്ഷ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ ഇത് സഹായിക്കും. വിജയികൾ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കണം.
Content Highlights: Christmas-New Year Bumper lottery offers a prize of 20 crore. Winners need to follow specific steps, including verifying the ticket and claiming the prize through authorized procedures