

മൂന്നാർ: മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മേഖലയിലെ ഉൾപ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. താപനില താഴ്ന്നതോടെ പുലർകാലങ്ങളില്‍ പ്രദേശത്തെ പുല്‍മേടുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്.
ഡിസംബർ 13 ന് ചെണ്ടുവരയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 രേഖപ്പെടുത്തിരുന്നു. തണുപ്പ് ശക്തമായതോടെ ഇത്തവണ മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരുന്നു. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്‌റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുല്‍മേടുകളില്‍ അതിരാവിലെ എത്തിയാല്‍ തണുപ്പാസ്വദിക്കാം. മൂന്നാറിന്റെ പ്രധാന ആകര്‍ഷണം ഇരവികുളം ദേശീയോദ്യാനമാണ്. വംശനാശം നേരിടുന്ന വരയാടുകളെ ഇവിടെ കാണാന്‍ സാധിക്കും. മാട്ടുപ്പട്ടിയിലെ ബോട്ടിങ്, എക്കോ പോയിന്റ്, കുണ്ടള, ടോപ്‌സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്.
അതേസമയം, അൻപതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു.കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോർ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യനിർണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോർ നിർണയിച്ചത്. ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോർ നൽകിയത്.
90.63 ശതമാനം സ്‌കോറോടെ മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻഷോല നാഷണൽ പാർക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാർ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയിൽ ഇടം നേടി.
പശ്ചിമ ഘട്ട മലനിരകളിൽ 97 സ്‌ക്വയർ കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണം.
പുൽമേടും, ഷോലവനങ്ങളും നിറഞ്ഞ ജൈവ സമ്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഈ ദേശീയോദ്യാനം. ലോകത്ത് ഏറ്റവും അധികം വരയാടുകൾ കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം. കൂടാതെ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവയിനത്തിൽപ്പെടുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്.
Content Highlights: Temperatures in Munnar tourism regions, including Chenduvara, have dropped to 0 degrees Celsius