

79-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ കേരളത്തിനെ സമനിലയിൽ തളച്ച് റെയിൽവേസ്. റെയിൽവേസും ആദ്യ മത്സരത്തിൽ പഞ്ചാബിനെ തകർത്തുവിട്ട കേരളവും ഓരോ ഗോൾ വീതമടിച്ചുപിരിഞ്ഞു. ആദ്യ പകുതിയിൽ ലീഡ് നേടിയിട്ടും അത് നിലനിർത്താൻ കഴിയാത്തത് കേരളത്തിന് തിരിച്ചടിയായി.
സിലാപത്തർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമണ ഫുട്ബോളാണ് കേരളം കാഴ്ചവെച്ചത്. കേരളത്തിന്റെ നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ ആദ്യ പകുതിയിൽ തന്നെ ലീഡ് പിറന്നു. ഒരു മികച്ച മുന്നേറ്റത്തിനൊടുവിൽ റെയിൽവേസ് പ്രതിരോധ താരം വഴങ്ങിയ ഓൺഗോളാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഇതോടെ ആദ്യ പകുതിയിൽ കേരളം 1-0ന് മുന്നിലായി.
എന്നാൽ രണ്ടാം പകുതിയിൽ റെയിൽവേസ് ശക്തമായി തിരിച്ചുവന്നു. കേരള പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റെയിൽവേസ് സമനില ഗോൾ കണ്ടെത്തി. പിന്നീട് വിജയം ലക്ഷ്യമിട്ട് ഇരുടീമുകളും പൊരുതിയെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. അവസാന മിനിറ്റുകളിൽ കേരളം ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും റെയിൽവേസ് പ്രതിരോധം കോട്ട കെട്ടി നിന്നു.
രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയുമായി കേരളം ഗ്രൂപ്പിൽ മുന്നേറ്റം തുടരുന്നു. ഗ്രൂപ്പിലെ അടുത്ത മത്സരം 27ന് ആണ്. റെയിൽവേസിനെതിരെ ജയം കൈവിട്ടെങ്കിലും തോൽവി അറിയാതെയുള്ള കുതിപ്പ് കേരളത്തിന് ആത്മവിശ്വാസം നൽകുന്നു.
Content highlight: santosh trophy kerala vs railways match ends in draw