

കൊല്ലം: ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിന് വിധേയനാക്കിയ ക്ഷേത്ര പൂജാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ 22കാരന്‍ അഭിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു.
പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിന്‍ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം. നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിഞ്ഞും കൈഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
മാതാപിതാക്കള്‍ യഥാസമയം കണ്ടതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ചിതറ കുറക്കോട് ഭാഗത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Content Highlights: temple priest arrested for continuous attack against a girl in chithara