

തിരുവനന്തപുരം: മാറാട്, ജമാഅത്തെ ഇസ്‌ലാമി വിഷയത്തില്‍ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്ന് സിപിഐഎം മുതിർന്ന നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് ആര് അധികാരത്തില്‍ വന്നാലും അവര്‍ ഭരണത്തെ സ്വാധീനിക്കുമെന്നാണ് ഉദ്ദേശിച്ചതെന്ന് എ കെ ബാലന്‍ പറഞ്ഞു. 'മാരീചന്മാരെ തിരിച്ചറിയുക' എന്ന തലക്കെട്ടില്‍ ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് എ കെ ബാലന്റെ പരാമര്‍ശം.
സര്‍ക്കാരിനെ സ്വാധീനിച്ച് ആഭ്യന്തര ഭരണത്തില്‍ ഇടപെടും എന്നാണ് പറഞ്ഞത്. അങ്ങനെ മാറാട് പോലുള്ള സംഭവങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിലപാടെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. 'ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവിഷം ചീറ്റുന്ന പ്രയോഗങ്ങള്‍ പ്രതിപക്ഷ നേതാവ് നടത്തി. മാറാട് ഇനി ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പാണ് നല്‍കിയത്. ജമാഅത്തെ ഇസ്‌ലാമിയെ പ്രതിപക്ഷ നേതാവാണ് കൂടെ കൂട്ടുന്നത്. അതിന് മുസ്‌ലിം ലീഗോ മുസ്‌ലിം ബൗദ്ധിക സംഘടനകളോ അനുകൂല നിലപാട് എടുത്തിട്ടില്ല', എ കെ ബാലന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത, ജനാധിപത്യം, മതനിരപേക്ഷത, പരമാധികാരം എന്നിവ അംഗീകരിക്കാത്ത, ഇസ്‌ലാമിക് റിപ്പബ്ലിക് ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെയാണ് യുഡിഎഫ് ജനകീയ അടിത്തറ വികസിപ്പിക്കുന്നതെങ്കില്‍ അത് നമ്മുടെ ഭരണഘടനയോടുള്ള വെല്ലുവിളിയായിരിക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ് ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പരാമര്‍ശം. 'യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്' എന്നായിരുന്നു എ കെ ബാലന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പറഞ്ഞത് തെറ്റായി വളച്ചൊടിക്കപ്പെട്ടുവെന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നുംഎ കെ ബാലന്‍ പറഞ്ഞിരുന്നു.
Content Highlights: A K Balan has responded to the controversy over his recent statement