'കിടക്കയിൽ പലാഷ് മറ്റൊരു സ്ത്രീയോടൊപ്പം, സ്മൃതിയുടെ സഹതാരങ്ങൾ തല്ലിച്ചതച്ചു'; വെളിപ്പെടുത്തി സുഹൃത്ത്

സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണം എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

'കിടക്കയിൽ പലാഷ് മറ്റൊരു സ്ത്രീയോടൊപ്പം, സ്മൃതിയുടെ സഹതാരങ്ങൾ തല്ലിച്ചതച്ചു'; വെളിപ്പെടുത്തി സുഹൃത്ത്
dot image

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും ലോകകപ്പ് ജേതാവുമായ സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം മുടങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിവാഹദിനം സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ വിവാഹം മുടങ്ങിയെന്ന് അറിയിച്ച് ഇരുവരും രം​ഗത്തെത്തുകയായിരുന്നു. ഇതിനിടെ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണം എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലാഷിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇത് വിവാഹദിവസം സ്മൃതി കൈയോടെ പിടികൂടിയെന്നും ഇതേത്തുടർന്ന് വിവാഹം മുടങ്ങിയെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം സത്യമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിര്‍മാതാവുമായ വിദ്യാന്‍ മാനെ. വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു സ്ത്രീയുമായി കിടക്കയിൽ വെച്ച് പിടികൂടിയെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചുവെന്നുമാണ് വിദ്യാന്‍ പറയുന്നത്. താന്‍ സ്മൃതിയുടെ ബാല്യകാല സുഹൃത്താണെന്നും മന്ദാന കുടുംബമാണ് പലാഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

നവംബര്‍ 23ന് വിവാഹത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിലെ സാം​ഗ്ലിയിൽ നടത്തിയ ആഘോഷ പരിപാടികളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് പറഞ്ഞാണ് അന്നത്തെ സംഭവത്തെകുറിച്ച് വിദ്യാന്‍ മനസ് തുറന്നത്. 'കിടക്കയില്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്കവേ പലാഷിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇന്ത്യൻ ടീമിൽ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ പലാഷിനെ പൊതിരെ തല്ലിച്ചതക്കുകയും ചെയ്തു. പലാഷിന്‍റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവന്‍ സാംഗ്ലിയില്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മറ്റൊന്നാണ് നടന്നത്', വിദ്യാന്‍ പറയുന്നു.

പലാഷ് തന്‍റെ പണം തട്ടിയെന്ന് ആരോപിച്ച് വിദ്യാന്‍ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. സിനിമയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ‌ ​ഗായകൻ കൂടിയായ പലാഷിനെതിരെ സാംഗ്ലി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. പലാഷിന്‍റെ അമ്മ അമിത മുച്ചലിനെ താന്‍ കഴിഞ്ഞ മാസം നേരില്‍ കണ്ടിരുന്നുവെന്നും സിനിമ റിലീസ് ചെയ്യണമെങ്കില്‍ ചെലവ് വര്‍ധിച്ച് ഒന്നരക്കോടിയായിട്ടുണ്ടെന്നും പത്ത് ലക്ഷം കൂടി നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ലെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാന്‍ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും വിദ്യാന്‍ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളി പലാഷ് രം​ഗത്തുവന്നിട്ടുമുണ്ട്.

Content Highlights: Vidnyan Mane alleges Palaash Muchhal cheated on cricketer Smriti Mandhana, was caught cheating; beaten up by female cricketers

dot image
To advertise here,contact us
dot image