ട്വന്റി20യും ബിജെപിയും ചേര്‍ന്നാല്‍ ആ നാല് മണ്ഡലങ്ങളില്‍ എന്ത് സംഭവിക്കും?;വോട്ട് കുറഞ്ഞതില്‍ പേടിച്ചോ നീക്കം?

ട്വൻ്റി 20 പാ‍ർ‌ട്ടി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സഖ്യകക്ഷിയായി മത്സരിക്കുമ്പോൾ എറണാകുളം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ എന്തെല്ലാം മാറ്റമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

ട്വന്റി20യും ബിജെപിയും ചേര്‍ന്നാല്‍ ആ നാല് മണ്ഡലങ്ങളില്‍ എന്ത് സംഭവിക്കും?;വോട്ട് കുറഞ്ഞതില്‍ പേടിച്ചോ നീക്കം?
dot image

കൊച്ചി: രാഷ്ട്രീയമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പോരാട്ടത്തിനിറങ്ങിയ ട്വൻ്റി 20 പാ‍ർ‌ട്ടി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സഖ്യകക്ഷിയായി മത്സരിക്കുമ്പോൾ എറണാകുളം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ എന്തെല്ലാം മാറ്റമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്. ട്വൻ്റി 20 പാർട്ടിക്ക് സ്വാധീനമുള്ള കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമം​ഗലം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ പുതിയ കൂട്ടുകെട്ട് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എൻഡിഎയെ നാലാം സ്ഥാനത്താക്കി ട്വന്റി 20യുടെ സുജിത് പി സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 27.56 ശതമാനം വോട്ട് ഷെയറോടെ 42701 വോട്ടായിരുന്നു ട്വൻ്റി 20 നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ കോൺ​ഗ്രസിന് ലഭിച്ചത് 49636 വോട്ടായിരുന്നു. ഇവിടെ നാലാമതെത്തിയ ബിജെപി 7218 വോട്ട് നേടിയിരുന്നു. 2021ൽ ട്വൻ്റി 20യും എൻഡിഎയും നേടിയ വോട്ട് ഷെയറും വോട്ടിൻ്റെ എണ്ണവും പരിശോധിച്ചാൽ രണ്ടാമതെത്തിയ കോൺ​ഗ്രസിനെക്കാൾ കൂടുതലാണ്.

പെരുമ്പാവൂ‍ർ മണ്ഡലത്തിൽ 2021ൽ ട്വൻ്റി 20 പാ‍ർട്ടിക്ക് 20536 വോട്ടും എൻഡിഎക്ക് 15135 വോട്ടാണ് ലഭിച്ചത്. രണ്ട് കൂട്ടരും ചേ‍ർന്ന് 25 ശതമാനത്തിന് അടുത്താണ് ഇവിടെ നേടിയത്. മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി 20, 13535 വോട്ടും എൻഡിഎ 7527 വോട്ടും നേടിയിരുന്നു. കോതമം​ഗലത്ത് 2021ൽ ട്വൻ്റി 20, 7978 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ 4638 വോട്ടാണ് നേടിയത്. 2026ൽ രണ്ട് കൂട്ടരും സഖ്യത്തിൽ മത്സരിക്കുമ്പോൾ ഈ നാല് മണ്ഡലങ്ങളും നിർണ്ണായകമായി മാറുമെന്നാണ് വിലയിരുത്തൽ. എൻഡിഎ സഖ്യത്തിൽ എത്തിയതോടെ ട്വൻ്റി 20യ്ക്ക് മതേതര വോട്ടുകൾ നഷ്ടപ്പെടുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

Rajeev Chandrasekhar and Sabu M Jacob
സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും

ഇതിനിടെ രാഷ്ട്രീയമില്ലാത്ത വികസനം എന്ന ട്വൻ്റി 20യ്ക്ക് സ്വീകാര്യത ലഭിച്ച മുദ്രാവാക്യം എൻഡിഎയുമായി സഖ്യം ചേർന്നതോടെ ദുർബലമായി എന്ന വിലയിരുത്തലുമുണ്ട്. അതിനാൽ തന്നെ ട്വൻ്റി 20യുടെ എൻഡിഎ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ ബാധിക്കില്ല എന്നാണ് കോൺ​ഗ്രസും സിപിഐഎമ്മും വിലയിരുത്തുന്നത്. എൻഡിഎ സഖ്യത്തിൽ അസംതൃപ്തിയുള്ള ട്വൻ്റി 20യിലെ നേതാക്കളെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളും കോൺ​ഗ്രസ്, സിപിഐഎം നേതൃത്വങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

2015ൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ട്വൻ്റി 20 പാർട്ടി രാഷ്ട്രീയ മുന്നണി സമവാക്യങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ സ്വാധീനമുറപ്പിച്ചത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ട്വൻ്റി 20 പാർട്ടി എറണാകുളം ജില്ലയിൽ നാല് പഞ്ചായത്തുകളിൽ ഭരണം നേടിയിരുന്നു. കിഴക്കമ്പലം പഞ്ചായത്ത് നിലനിർത്തിയ ട്വൻ്റി 20 പാർട്ടി ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ പിടിച്ചെടുത്തായിരുന്നു 2020ൽ കരുത്ത് തെളിയിച്ചിരുന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നേടിയ ട്വൻ്റി 20 രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വൻ്റി 20യുടെ സ്ഥാനാർത്ഥി 42701 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

എന്നാൽ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വൻ്റി 20ക്ക് തിരിച്ചടി നേരിട്ടിരുന്നു. ഭരണത്തിലിരുന്ന കുന്നത്തുനാട്, മഴുവന്നൂ‍ർ പഞ്ചായത്തുകളിൽ ട്വൻ്റി 20 പാ‍ർട്ടിക്ക് ഭരണം നഷ്ടമായി. കൈയിലിരുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണവും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇത്തവണ ട്വൻ്റി 20ക്ക് നഷ്ടപ്പെട്ടു. എന്നാൽ സിപിഐഎം ശക്തികേന്ദ്രമായ തിരുവാണിയൂർ പഞ്ചായത്തിൽ ട്വൻ്റി 20 ഇത്തവണ ഭരണം പിടിച്ചിരുന്നു. പുത്തൻകുരിശ് പഞ്ചായത്തിൽ കോൺ​ഗ്രസിനെ ഭരണത്തിലെത്താൻ ട്വൻ്റി 20 അം​ഗങ്ങൾ സഹായിക്കുകയും ചെയ്തു. ഏകപക്ഷീയമായ വിജയം ആവ‍ർത്തിക്കാൻ സാധിച്ചില്ലെങ്കിലും കിഴക്കമ്പലം പഞ്ചായത്ത് ഭരണം ട്വൻ്റി 20 നിലനി‍ർത്തിയിരുന്നു. കിഴക്കമ്പലത്തിന് പുറമെ ഐക്കരനാട്, തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഭരണത്തിലെത്താനും ട്വൻ്റി 20ക്ക് സാധിച്ചിരുന്നു.

Content Highlights: future of Twenty20 after joining the NDA in Kerala Assembly election 2026

dot image
To advertise here,contact us
dot image