പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടു; റിപ്പോർട്ടർ ടിവിയെ പഴിച്ച് അടൂർ പ്രകാശ്

മോശക്കാരനാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോകില്ലെന്ന് അടൂർ പ്രകാശ്

പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടു; റിപ്പോർട്ടർ ടിവിയെ പഴിച്ച് അടൂർ പ്രകാശ്
dot image

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്ന സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയെ പഴിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിഷയം റിപ്പോര്‍ട്ടര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടറില്‍ ഈ വാര്‍ത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അടൂര്‍ പ്രകാശ് പരിഹസിച്ചു. മോശക്കാരനാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാം. അവര്‍ക്ക് തന്നെ മോശക്കാരനായി കാണാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളും കാണുകയും മനസിലാക്കുകയും ചെയ്യുന്നവരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതിലും അടൂര്‍ പ്രകാശ് വിശദീകരിച്ചു. 2019 ല്‍ എംപിയായ ശേഷമാണ് പോറ്റിയെ കണ്ടതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി തന്നെ വന്ന് കാണുകയായിരുന്നു. അത് അനുസരിച്ച് താന്‍ ആ ചടങ്ങില്‍ പങ്കെടുത്തു. അതിന് ശേഷം താന്‍ പോറ്റിയെ കാണുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ച സമയത്താണ്. പോറ്റിയുടെ വീടിന് സമീപമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടെ പോകുന്നത്. വീട്ടില്‍ പോയി എന്നത് സത്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. താന്‍ ഒറ്റയ്ക്കായിരുന്നില്ല പോയത്. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായരും തനിക്കൊപ്പമുണ്ടായിരുന്നു. രമണി പി നായരുടെ വീടിന് തൊട്ടടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്. മണ്ഡലത്തില്‍പ്പെട്ട ആള്‍ എന്ന നിലയിലാണ് താന്‍ അവിടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മാനമായി നല്‍കിയ കവറില്‍ ഈന്തപ്പഴമായിരുന്നുവെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. അത് അവിടെയുണ്ടായിരുന്നവര്‍ക്ക് തന്നെ നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മോഷ്ടിച്ചതിന്റെ പങ്കാണ് ആ കവറില്‍ ഉണ്ടായിരുന്നതെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തനിക്ക് പോറ്റിയെക്കുറിച്ച് മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ല. സോണിയ ഗാന്ധിയെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് പോറ്റി ഇങ്ങോട്ട് പറഞ്ഞിരുന്നു. എംപിയെന്ന നിലയില്‍ കൂടെ വരണം എന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് താന്‍ പോയത്. താന്‍ വഴിയാണ് പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എത്തിയത് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Content Highlights- Adoor Prakash criticised Reporter TV after the channel released a photograph showing him alongside Unnikrishnan Potty

dot image
To advertise here,contact us
dot image