അടൂരിനൊപ്പം 'പദയാത്ര' തുടങ്ങി മമ്മൂട്ടി; പുതിയ സിനിമയുടെ പേര് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാം ചിത്രമാണിത്.

അടൂരിനൊപ്പം 'പദയാത്ര' തുടങ്ങി മമ്മൂട്ടി; പുതിയ സിനിമയുടെ പേര് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി
dot image

അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. പദയാത്ര എന്നാണ് സിനിമയുടെ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ടൈറ്റിൽ പ്രഖ്യാപനത്തിനോടൊപ്പം സിനിമയുടെ പൂജയും നടന്നു. പദയാത്ര ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.

തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്.

Padayaatra movie poster

മുഖ്യ സംവിധാന സഹായി മീരസാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം പ്രവീൺ കുമാർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ് തുടങ്ങിയവരാണ് അണിയ പ്രവർത്തകർ. പോസ്റ്റർ ഡിസൈനിലും വാക്കുകളിലുമെല്ലാം പഴമയുടെ രസക്കൂട്ടുകളുമായാണ് പദയാത്ര എത്തുന്നത് എന്ന പ്രത്യേകതയുണ്ട്.

ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ അടൂർ സിനിമകളിൽ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനിൽ വില്ലനായ ഭാസ്‌കര പട്ടേലർ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായി ഇവ രണ്ടും മാറിയിരുന്നു. വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.

2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ചത്താ പച്ചയാണ് ഇപ്പോൾ തിയേറ്ററിലുള്ള മമ്മൂട്ടി ചിത്രം. സിനിമയിൽ ബുള്ളറ്റ് വാൾട്ടർ എന്ന കാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാൻ, നിതീഷ് സഹദേവൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

പദയാത്രയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ - നിർമ്മാണ സഹകരണം - ജോർജ് സെബാസ്റ്റ്യൻ, നിർമ്മാണ മേൽനോട്ടം - സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം - ബിനു മണമ്പൂർ, ചമയം - റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം - എസ് ബി സതീശൻ, ശബ്ദമിശ്രണം - കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായ - നവീൻ മുരളി, പരസ്യ പ്രചരണം - വിഷ്ണു സുഗതൻ, പരസ്യ കല - ആഷിഫ് സലിം, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: Mammootty-Adoor Gopalakrishnan movie title announced. it is called Padayaatra. Mammootty Kampany produces the film

dot image
To advertise here,contact us
dot image