

കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2,263 ഏക്കര്‍ ഭൂമി അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണെന്നാണ് പാലാ സബ് കോടതിയുടെ കണ്ടെത്തല്‍. വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ കോടതി റദ്ദാക്കിയിരുന്നു.
ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നിര്‍ദേശിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ പാലാ സബ് കോടതിയെ സമീപിച്ചത്. ഏഴുവര്‍ഷം നീണ്ടു നിന്ന വ്യവഹാരത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.
Content Highlights: sabarimala airport Project cheruvally estate case pala court dismiss govt Plea