ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുന്നു; നടത്തുന്നത് ഗുരുനിന്ദ: വി ഡി സതീശൻ

വര്‍ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കുമെന്നും പ്രതിപക്ഷ നേതാവ്

ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുന്നു; നടത്തുന്നത് ഗുരുനിന്ദ: വി ഡി സതീശൻ
dot image

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ തിരുവനന്തപുരത്ത് സംസാരിച്ചത് വെള്ളാപ്പള്ളിക്കെതിരെയല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. വര്‍ഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുകയാണ് വെള്ളാപ്പള്ളിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. വര്‍ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കുമന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'എല്ലാവരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സാമുദായിക സ്പര്‍ധയുണ്ടാക്കരുത്. ഐക്യം വേണം. അതിലാര് സ്റ്റെപ്പെടുത്താലും അതിനൊപ്പം ഞങ്ങളുണ്ടാകും. നല്ലകാര്യമാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് ഭിന്നിപ്പുണ്ടാക്കലാണ്. ഇതൊരു സംഘപരിവാര്‍ തന്ത്രമാണ്. അത് സിപിഐഎമ്മും പയറ്റുകയാണ്. വര്‍ഗീയത പ്രചരിപ്പിച്ച് കേളത്തിലാര് വിദ്വേഷ പ്രചരണം നടത്തിയാലും വെച്ച് പൊറുപ്പിക്കില്ല. വെള്ളാപ്പള്ളി നടത്തിയത് ഗുരു നിന്ദയാണ്. ശ്രീനാരായണീയരായ ആളുകളുടെ വോട്ടുകള്‍ കൂടിക്കൊണ്ടാണ് ഞങ്ങളൊക്കെ ജയിക്കുന്നത്. അദ്ദേഹമാണ് ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി പറയുന്നത്. എന്നെ എന്തൊക്കെയാണ് പറയുന്നത്. എന്നെ ഊളന്‍പാറയിലയക്കണമെന്നുവരെ പറഞ്ഞു. ഒരു സാമുദായിക നേതാവാണ് ഇത് പറയുന്നത്. ഞാനദ്ദേഹത്തിന് മറുപടി പറയാനില്ല', വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം വി ഡി സതീശനെ കടന്നാക്രമിക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി ഇന്നും സ്വീകരിച്ചത്. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

'ഇന്നലെ പൂത്ത തകരയാണ് വി ഡി സതീശന്‍. അദ്ദേഹമാണ് ഇതെല്ലാം ഏറ്റെടുത്ത് പറഞ്ഞ് നടക്കുന്നത്. അതിനുള്ള മറുപടി കാന്തപുരം നല്‍കിയിട്ടുണ്ട്. കാന്തപുരം പരസ്യമായി ശാസിച്ചു. കോണ്‍ഗ്രസിന് എതിരല്ല. എ കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ ഞാന്‍ വര്‍ഗീയവാദിയാണെന്ന് പറയട്ടെ. അങ്ങനെയെങ്കില്‍ അംഗീകരിക്കാം', വെള്ളാപ്പള്ളി കടന്നാക്രമിച്ചു.

സതീശന്‍ ജനിക്കുംമുമ്പ് അച്ഛന്‍ മൂത്ത സഹോദരിക്ക് ഇംഗ്ലണ്ടില്‍ നിന്ന് കപ്പലില്‍ ഇറക്കുമതി ചെയ്താണ് കാര്‍ കൊടുത്തത്. 80 കൊല്ലം മുമ്പ് അച്ഛന്‍ ഭൂസ്വത്തിന് ഉടമയായിരുന്നു. ഈ പറഞ്ഞയാളിന് രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് എന്ത് ആസ്തി ഉണ്ടായി? എന്നെ വേട്ടയാടുകയാണ്. ഈ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എസ്എന്‍ഡിപിയെ തളര്‍ത്താന്‍ ആകില്ല. തളര്‍ത്താന്‍ ശ്രമിച്ചവരൊക്കെ പിളര്‍ന്നിട്ടേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: vd satheesan gives response to vellappally natesan statement

dot image
To advertise here,contact us
dot image