വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത് മലപ്പുറത്തെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാല്‍: കെ മുരളീധരന്‍

സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നു. അത് സാമുദായിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും

വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത് മലപ്പുറത്തെയും  മുസ്‌ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാല്‍: കെ മുരളീധരന്‍
dot image

മലപ്പുറം: മലപ്പുറത്തെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിച്ചതിനാലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് എസ്എന്‍ഡിപിയുടെ തലപ്പത്തിരിക്കുന്ന വ്യക്തി ചെയ്യാന്‍ പാടില്ലാത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.

'വെള്ളാപ്പള്ളി പറഞ്ഞ ഒന്നിനോടും യോജിക്കുന്നില്ല. സാമുദായിക നേതാക്കന്മാര്‍ക്ക് അവരുടെ സമുദായത്തിന്റെ അവകാശങ്ങളെപറ്റി പറയാന്‍ അവകാശമുണ്ട്. അത് ഹനിക്കപ്പെട്ടാല്‍ അതിന് കാരണക്കാരായവരെ വിമര്‍ശിക്കാനും അവകാശമുണ്ട്. പക്ഷെ അനാവശ്യമായി മറ്റുസമുദായങ്ങളെ അധിക്ഷേപിക്കാന്‍ ഒരു സമുദായത്തിനും സ്വാതന്ത്ര്യമില്ല. അങ്ങനെ അധിക്ഷേപിച്ചാല്‍ അവര്‍ വിമര്‍ശിക്കപ്പെടും. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാക്കിയത് ഞങ്ങളല്ല. വെള്ളാപ്പള്ളിയെ കണ്ടാല്‍ കൈകൊടുക്കും കൈകൂപ്പും ടാറ്റ പറയും കാറില്‍ കയറ്റില്ലെന്ന് പറഞ്ഞത് ബിനോയ് വിശ്വമാണ്. ബിനോയ് വിശ്വം ഈഴവവിരോധിയാണെന്ന് പറയില്ലല്ലോ. വി ഡി സതീശന്‍ പറയുമ്പോഴല്ലേ ജാതിയുടെ വേര്‍തിരിവ്', കെ മുരളീധരന്‍ പറഞ്ഞു.

സമുദായ സംഘടനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നു. അത് സാമുദായിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. സമുദായ നേതാവ് പറയുന്നത് നോക്കി വോട്ട് ചെയ്യുന്നവരല്ല സമുദായ അംഗങ്ങള്‍. മറിച്ച് അവരുടെ നേതാക്കളെ അധിക്ഷേപിച്ചാല്‍ അവരത് സഹിക്കില്ല. ഇക്കാര്യത്തില്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മൂന്നാമതും പിണറായി അധികാരത്തിലെത്തുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയട്ടെ, നോക്കാമെന്ന് മാറ്റി പറയുന്നത് അധികാരത്തിലെത്തില്ലെന്ന ധാരണ അദ്ദേഹത്തിന് വന്നതുകൊണ്ടാണ്. പാര്‍ട്ടി നിലപാട് എടുക്കുമ്പോള്‍ സമുദായ നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാറില്ല. കാന്തപുരത്തിന്റെ യാത്രയില്‍ മാറാട് വിഷയം ഉന്നയിച്ച് കുളം കലക്കിയത് മുഖ്യമന്ത്രിയാണ്. അതിന് പ്രതിപക്ഷ നേതാവ് നല്ല മറുപടി കൊടുത്തിട്ടുണ്ട്. മാറാട് കലാപം ഉണ്ടായപ്പോള്‍ അവിടെ കടന്നുചെന്ന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമാണ്. മാറാട് കാലുകുത്താകാനാകാതെ നാട്ടുകാര്‍ കൂവിവിളിച്ചോടിച്ചത് ഇന്നത്തെ മുഖ്യമന്ത്രിയും അന്ന് പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയനെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

വെള്ളിപ്പള്ളി പറഞ്ഞത് സ്വാധീനിച്ചാണ് ജനം വോട്ട് ചെയ്യുന്നതെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമോ? വി ഡി സതീശനെക്കുറിച്ച് മാത്രമല്ല. കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചു, വീട്ടില്‍ കയറേണ്ടെന്ന് പറഞ്ഞു. എന്നിട്ട് ഞങ്ങള്‍ ജയിച്ചില്ലേ. വ്യക്തികളെയാണ് വിമര്‍ശിക്കുന്നത് ജാതിയെയല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലക്കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള പ്രതികളെ രക്ഷിക്കാനുള്ള ശ്രമം എസ്‌ഐടി നടത്തുന്നുവെന്ന സംശയം ഉണ്ട്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണെങ്കില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലായിരിക്കണം. എല്ലാകുറ്റവും തന്ത്രിയുടെ മേല്‍വെച്ചുകെട്ടി മന്ത്രിയേയും മുന്‍ മന്ത്രിമാരേയും രക്ഷിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: Vellappally Natesan insulted Malappuram and the Muslim community alleges k muraleedharan

dot image
To advertise here,contact us
dot image