നായര്‍-ഈഴവ ഐക്യത്തോട് മുസ്‌ലിം ലീഗിന് അസംതൃപ്തി; സതീശന്‍ ഇന്നലെ പൂത്ത തകര: വെള്ളാപ്പള്ളി നടേശന്‍

എ കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ താന്‍ വര്‍ഗീയവാദിയാണെന്ന് പറയട്ടെ. അങ്ങനെയെങ്കില്‍ അംഗീകരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

നായര്‍-ഈഴവ ഐക്യത്തോട് മുസ്‌ലിം ലീഗിന് അസംതൃപ്തി; സതീശന്‍ ഇന്നലെ പൂത്ത തകര: വെള്ളാപ്പള്ളി നടേശന്‍
dot image

ചേര്‍ത്തല: നായര്‍, ഈഴവ ഐക്യം അനിവാര്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നായാടിതൊട്ടു നമ്പൂതിരിവരെയെന്ന കൂട്ടായ്മ നേരത്തെ എസ്എന്‍ഡിപി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സംവരണവിഷയത്തില്‍ തന്നെ മുന്‍നിര്‍ത്തി ലീഗ് നേതൃത്വം പുറകില്‍ നിന്നു. നായര്‍ ഈഴവ ഐക്യത്തോട് ലീഗ് അസംതൃപ്തി പ്രകടിപ്പിച്ചു. ആ യോജിപ്പ് സമൂഹത്തിന് നല്ലതല്ലെന്നും അവര്‍ സവര്‍ണഫാസിസ്റ്റ് ആണെന്നും സവര്‍ണാധിപത്യവും ചാതുര്‍വര്‍ണ്യവും പുനഃസ്ഥാപിക്കുന്നവരാണെന്നും പറഞ്ഞു. ചതിക്കപ്പെടുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'എല്‍ഡിഎഫ് ഭരണകാലമായിരുന്നു അത്. നമ്മുടെ ഭരണം വരുമെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. ഭരണം മാറിയപ്പോള്‍ സംവരണം അടക്കം ഒരു ചുക്കും അവര്‍ക്ക് ചെയ്യാനായില്ല. സംവരണം പറഞ്ഞ് എന്നെ കൊണ്ടുനടന്നു. ഞാന്‍ പിറകെപോയി എന്നത് സത്യമാണ്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായി. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തെറ്റിച്ചത് ലീഗ് നേതൃത്വം. ഞങ്ങളെ അകറ്റി നിര്‍ത്തി ഈ പണികളെല്ലാം ചെയ്തു. അവഗണന മാത്രമാണ് നേരിട്ടത്.', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

താന്‍ മുസ്‌ലിംവിരോധിയല്ല. മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം വക്രീകരിച്ച് തന്നെ വര്‍ഗീയവാദിയാക്കി. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെയാണ് എതിര്‍ത്ത്. ആടിനെ പേപ്പട്ടിയാക്കി തന്നെ തല്ലിക്കൊല്ലാന്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇടതുപക്ഷം വന്നതില്‍പിന്നെ ഇവിടെ മാറാട് കലാപം ഉണ്ടായിട്ടില്ലല്ലോയെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇക്കാര്യം പറയുന്ന തന്നെ വര്‍ഗീയവാദിയാക്കിയെന്നും ആരോപിച്ചു.

'ഇന്നലെ പൂത്ത തകരയാണ് വി ഡി സതീശന്‍. അദ്ദേഹമാണ് ഇതെല്ലാം ഏറ്റെടുത്ത് പറഞ്ഞ് നടക്കുന്നത്. അതിനുള്ള മറുപടി കാന്തപുരം നല്‍കിയിട്ടുണ്ട്. കാന്തപുരം പരസ്യമായി ശാസിച്ചു. കോണ്‍ഗ്രസിന് എതിരല്ല. എ കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ താന്‍ വര്‍ഗീയവാദിയാണെന്ന് പറയട്ടെ. അങ്ങനെയെങ്കില്‍ അംഗീകരിക്കാം', വെള്ളാപ്പള്ളി കടന്നാക്രമിച്ചു.

സതീശന്‍ ജനിക്കുംമുമ്പ് അച്ഛന്‍ മൂത്ത സഹോദരിക്ക് ഇംഗ്ലണ്ടില്‍ നിന്ന് കപ്പലില്‍ ഇറക്കുമതി ചെയ്താണ് കാര്‍ കൊടുത്തത്. 80 കൊല്ലം മുമ്പ് അച്ഛന്‍ ഭൂസ്വത്തിന് ഉടമയായിരുന്നു. ഈ പറഞ്ഞയാളിന് രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് എന്ത് ആസ്തി ഉണ്ടായി? എന്നെ വേട്ടയാടുകയാണ്. ഈ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എസ്എന്‍ഡിപിയെ തളര്‍ത്താന്‍ ആകില്ല. തളര്‍ത്താന്‍ ശ്രമിച്ചവരൊക്കെ പിളര്‍ന്നിട്ടേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ചാല്‍ സുനാമി സംഭവിക്കുമോ? യോജിക്കേണ്ടത് നിയോഗമാണ്. എന്‍എസ്എസ് മുന്‍കൈ എടുക്കും. ചര്‍ച്ചകള്‍ക്കായി 21ാം തീയതി യോഗം വിളിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം റിപ്പോര്‍ട്ടറിന്റെ ചോദ്യങ്ങളോട് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചില്ല.

Content Highlights: Vellappally Natesan against Muslim League and V D Satheesan Ove ezhava Nair unity

dot image
To advertise here,contact us
dot image