

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ സന്തോഷമാണ്. ആളുകള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും ഭിന്നിക്കരുത്. വര്‍ഗീയത പറയരുതെന്നാണ് താന്‍ പറഞ്ഞത്. വ്യക്തിപരമായി നമ്മളെ എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്ത് താന്‍ പലതവണ പോയിട്ടുണ്ട്. താനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഒന്നിച്ചുപോയാണ് സുകുമാരന്‍ നായരെ കണ്ടത്. അതിന് ശേഷം സുഖമില്ലാതെ വന്നപ്പോള്‍ ആശുപത്രിയില്‍പ്പോയും സുകുമാരന്‍ നായരെ കണ്ടിട്ടുണ്ട്. എല്ലാ സമുദായനേതാക്കളെയും കാണുന്നയാളാണ്. രഹസ്യമായി എവിടെയും പോയിട്ടില്ല. സമുദായനേതാക്കളെ കാണുന്നതും വര്‍ഗീയതയ്‌ക്കെതിരെ പറയുന്നതും തമ്മില്‍ എന്താണ് ബന്ധം എന്നും വി ഡി സതീശന്‍ ചോദിച്ചു.
'കേരളത്തിലെ എല്ലാവരും എന്നോട് യോജിക്കണമെന്ന് പിടിവാശിയില്ല. എനിക്കെതിരെ മോശമായ വാക്കുകള്‍ എത്രയോ നേതാക്കള്‍ പറഞ്ഞു. എനിക്ക് ഭ്രാന്താണെന്നുവരെ പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവും കേള്‍ക്കാത്ത ആക്ഷേപം കേട്ടു. അതിനോടൊന്നും പ്രതികരിച്ചില്ലല്ലോ. കേരളത്തിലെ ജനങ്ങളെ എനിക്ക് വിശ്വാസമാണ്. അവരിതെല്ലാം നോക്കി കാണുന്നുണ്ട്. തെരഞ്ഞെടുപ്പിലെല്ലാം വിജയിച്ച് ജനങ്ങളുടെ അംഗീകാരത്തോടെയാണ് നില്‍ക്കുന്നത്. ഇരുമ്പുലക്കയുമായല്ല ഇറങ്ങുന്നത്. തെറ്റുണ്ടെങ്കില്‍ തിരുത്തും', വി ഡി സതീശന്‍ പറഞ്ഞു.
ഇതിന്റെയെല്ലാം പിറകില്‍ എന്തെല്ലാമെന്ന് കാത്തിരുന്ന് കാണാം. മതേതര കേരളം യുഡിഎഫിനൊപ്പമാണ്. വര്‍ഗീയതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കോണ്‍ഗ്രസിന്റേത്. ടീം യുഡിഎഫ് ആണ് എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: sndp nss unity v d Satheesan Reaction over g sukumaran Nair criticism