'SNDP, NSS ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും'

എന്‍എസ്എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ചശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് ഒരു നേതാവ് പറഞ്ഞത്

'SNDP, NSS ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും'
dot image

കോട്ടയം: എസ്എന്‍ഡിപിയുമായി ഐക്യപ്പെടാന്‍ താല്‍പര്യമുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും ചോദിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനം എടുക്കും. അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്തിയാവും ഐക്യപ്പെടുക. ഒരു മതവുമായും വിരോധത്തിന് പോകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയോടും സമുദായസംഘടനകളോടും സമദൂരമാണ്. ഐക്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. എസ്എന്‍ഡിപി, എന്‍എസ്എസ് ഐക്യത്തിന് തടസ്സം നിന്നത് മുസ്‌ലിം ലീഗല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. എന്‍എസ്എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ചശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് ഒരു നേതാവ് പറഞ്ഞത്. തത്വം പറയുന്നവര്‍ സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ കാലില്‍ വീഴാന്‍ പോയി. വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ അവര്‍ക്ക് എന്താണ് യോഗ്യതയെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.

തന്നെ വെള്ളാപ്പള്ളി എന്തെല്ലാം പറഞ്ഞിരിക്കുന്നു. അതെല്ലാം ക്ഷമിച്ചു. പ്രായത്തില്‍ വളരെ മുന്നിലുള്ളയാളാണ് അദ്ദേഹം. വീഴ്ച പറ്റിയിട്ടുണ്ട്. ഈ രീതിയില്‍ ആക്ഷേപിക്കാന്‍ പാടില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹം ഇല്ല. യുദ്ധം ചെയ്യാനല്ല ഒരുമിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ ഒരു രാഷ്ട്രീയക്കാരുമില്ല. ചിലര്‍ രമേശ് ചെന്നിത്തലയാണെന്ന് പറയുന്നു. വി ഡി സതീശനെ അഴിച്ചുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അദ്ദേഹമാണ് ഈ ശത്രുക്കളെ മുഴുവന്‍ ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റി എന്ന് പറയുന്നത് ബാലിശമാണ്. അവരൊക്കെ കാറുകള്‍ കാണുന്നതിന് എത്രയും മുമ്പ് സ്വന്തം കാറില്‍ കയറിയ ആളോടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെയൊന്നും ആക്ഷേപിക്കാന്‍ പാടില്ല. സതീശനെ ഇങ്ങനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസിന് അടികിട്ടും. അതില്‍ സംശയമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഇവിടെ തിണ്ണയിലിരുന്ന നിരങ്ങിയ ആളാണ് വി ഡി സതീശന്‍. ഞാനവിടെ യൂണിയന്‍ പ്രസിഡന്റിനെ വിളിച്ച് സഹായിക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് വന്നത്. ഇപ്പോള്‍ ഓരോയിടത്തും നിരങ്ങുകയാണ്. ഞങ്ങള്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കുവേണ്ടിയും പറയുന്നില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വരാന്‍ പോകുന്നത് എന്താണെന്ന് കണ്ടോളൂ. ഇപ്പോള്‍ ആരും യോഗ്യരല്ല. ഇത്തരത്തിലാണ് കയ്യിലിരിപ്പെങ്കില്‍ അതിന്റെ ഫലം അനുഭവിക്കും. ഇപ്പോള്‍ യുഡിഎഫ് ആണ് മുന്‍പില്‍ എന്നും എല്‍ഡിഎഫ് പിന്നില്‍ ആണെന്നും പറയുന്നു. 24 മണിക്കൂര്‍ മുമ്പ് ഒരു തരിമ്പുമതി എല്ലാം മാറിമറിയാന്‍. എല്‍ഡിഎഫ് ആണോ യുഡിഎഫ് ആണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തില്‍ രാഷ്ട്രീയമില്ല. ബിജെപി ഹൈന്ദവ സംഘടനകളുടെ കുത്തകയല്ല. ഹൈന്ദവ സംഘടനകളില്‍ എല്ലാപാര്‍ട്ടിക്കാരും കാണും എന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.


ബിജെപിയുടെ നേതാവിന് എസ്എന്‍ഡിപിയും എന്‍എസ്എസും യോജിക്കുന്നു എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. ഹിന്ദു ഐക്യം ആണ് അവരുടെ ലക്ഷ്യമെങ്കില്‍ എന്തിനാണിങ്ങനെ. ഞങ്ങളുടെ നിലപാടില്‍ ഉറച്ചു തന്നെയായിരിക്കും എസ്എന്‍ഡിപിയുമായുള്ള ഐക്യം. എല്ലാവിധ മതവിഭാഗങ്ങള്‍ക്കും അവരവര്‍ക്ക് പറ്റിയ കാര്യങ്ങള്‍ പറയാനുണ്ടാകും. ഹിന്ദുവിന് മാത്രം എന്നു പറയുന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പറയാനുണ്ടാകും. മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസില്‍ ആരും യോഗ്യരല്ല. നായാടി മുതല്‍ നസ്രാണി വരെ എന്ന് പറഞ്ഞത് വെള്ളാപ്പള്ളിയുടെ പോളിസിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

സുരേഷ് ഗോപി വന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹം വന്നത്. മന്നം സമാധി പുഷ്പാര്‍ച്ചനയ്ക്കായി തുറന്നുകൊടുക്കട്ടെ എന്ന് സെക്യൂരിറ്റി ചോദിച്ചപ്പോള്‍ തുറന്നുകൊടുക്കാനും പറഞ്ഞു. എന്നാല്‍ അദ്ദേഹം നേരെ ബജറ്റ് അവതരിപ്പിക്കുന്ന ഹാളിലേയ്ക്ക് വന്നു. അത് ശരിയാണോ? ദിസ് ഈസ് നോട്ട് ഫെയര്‍ എന്ന് അദ്ദേഹത്തോട് പറഞ്ഞു. മറ്റൊരു ദിവസം വരാമെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു. പിന്നീട് അത് വിവാദമാവുകയായിരുന്നു. തൃശ്ശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാമെന്ന് കരുതേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി മാന്യമായാണ് പെരുമാറുന്നത്. ഞാനും അങ്ങനെ തന്നെ. അദ്ദേഹം രോഗാവസ്ഥ അറിഞ്ഞപ്പോള്‍ വന്ന് കണ്ടുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ ന്യായമായ രീതിയില്‍ അന്വേഷണം പോകുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പ്രതികള്‍ ആരാണെങ്കിലും കണ്ടുപിടിക്കണം. കര്‍ശനമായ ശിക്ഷ നല്‍കണം. കൊണ്ടുപോയതെല്ലാം തിരിച്ചു പിടിക്കണം. അന്വേഷണം ശരിയല്ലെങ്കില്‍ ഇടപെടാം. ഞങ്ങളുടെ നോട്ടത്തില്‍ നേരായ രീതിയിലാണ് പോകുന്നത്. തന്ത്രി ആയാലും കൊള്ളാം മന്ത്രി ആയാലും കൊള്ളാം. ഇതൊന്നും ശബരിമലയെ ബാധിക്കില്ലെന്നും ജി സുകുമാരന്‍ നായര്‍
പറഞ്ഞു.

Content Highlights: SNDP, NSS unity is Necessary said G sukumaran Nair

dot image
To advertise here,contact us
dot image