

ബദിയടുക്ക: വയോധികയെ കൊലപ്പെടുത്തി കരിമണിമാല കവര്‍ന്ന കേസില്‍ നിര്‍ണായക വഴിത്തിരിവായത് പ്രതിയുടെ കയ്യിലെ മുറിവ്. കുംബഡാജെ മൗവ്വാറിലെ 72കാരി പുഷ്പലത വി ഷെട്ടി കൊല്ലപ്പെട്ട കേസിലാണ് പ്രതി 47 കാരനായ പരമേശ്വരയുടെ കയ്യിലെ മുറിവ് നിര്‍ണായകമായത്. പുഷ്പലതയുടെ വായില്‍ കണ്ട ചോരയാണ് അന്വേഷണ സംഘത്തിന് പ്രതി ആരാണെന്നുറപ്പിക്കാനുള്ള തുമ്പായത്. അത് കൊല്ലപ്പെട്ടയാളിന്റേതല്ല എന്നുകൂടി വ്യക്തമായതോ
ടെ പ്രതിയിലേക്കെത്താന്‍ എളുപ്പമായി.
രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പ്രതിയുടെ ദേഹത്ത് കടിച്ചപ്പോഴാണ് വയോധികയുടെ വായില്‍ രക്തം പുരണ്ടതെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. 15ന് ആണ് പുഷ്പലതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലത്ത് നടന്ന സംഭവ വിവരം പൊലീസിന് ലഭിക്കുന്നത്. സമീപത്ത് സിസിടിവി സംവിധാനങ്ങളൊന്നുമില്ലാത്തതും പൊലീസിന് വെല്ലുവിളിയായി. എന്നാല്‍ വീടും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിരീക്ഷിക്കാന്‍ പൊലീസ് അഞ്ചിലധികം സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
സംശയിക്കുന്നവരുടെ പട്ടികയില്‍ ആദ്യമൊന്നും പ്രതി പരമേശ്വര ഉണ്ടായിരുന്നില്ല. എന്നാല്‍ കൊല്ലപ്പെട്ട പുഷ്പലതയെ ബുധനാഴ്ച വൈകുന്നേരം മൂന്നിനുശേഷവും താന്‍ കണ്ടിരുന്നു എന്ന് പരമേശ്വര പൊലീസിന് മൊഴിനല്‍കിയിരുന്നു.
നാലുമണിക്ക് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല എന്ന് ബന്ധുവും മൊഴിനല്‍കിയിരുന്നു. അങ്ങനെ അവസാനമായി പുഷ്പലതയെ കണ്ടയാള്‍ എന്ന നിലയില്‍ പരമേശ്വരയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. വലതുകയ്യിലെ മുറിവ് പൊലീസ് ശ്രദ്ധിക്കുകയും ചോദ്യം ചെയ്യലില്‍ കുരുമുളക് പറിക്കാന്‍ പോയപ്പോള്‍ പറ്റിയതാണെന്നുമായിരുന്നു പ്രതി പറഞ്ഞത്.
എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അതിക്രമിച്ച് അകത്തുകയറി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീടിന്റെ പരിസരത്തുനിന്ന് മാല കണ്ടെടുത്തത്.
പരമേശ്വരയ്ക്ക് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും ബാങ്കുകളിലുമായി ലക്ഷങ്ങളുടെ കടബാധ്യത ഉള്ളതായാണ് വിവരം.
ബെംഗളൂരുവിലുള്ള സഹോദരീ പുത്രി വംശ 14-ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാഞ്ഞതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് പുഷ്പലതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘങ്ങളും പരിശോധന നടത്തിയിരുന്നു.
Content Highlights: elderly woman death case crucial turning point wound on accused hand helped investigation