ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കും, LDF പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല: എം എ ബേബി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഐഎമ്മിനില്ലെന്നും എം എ ബേബി

ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കും, LDF പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല: എം എ ബേബി
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്നത് പിണറായി വിജയനായിരിക്കുമെന്ന് എം എ ബേബി പറഞ്ഞു.

ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല എല്‍ഡിഎഫ് പ്രചാരണമെന്നും എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഐഎമ്മിനില്ല. ഇളവിന്റെ കാര്യം ചര്‍ച്ചയായില്ലെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാകണോയെന്ന ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും എം എ ബേബി പറഞ്ഞു. മുന്നണിക്ക് അകത്തെ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നണിയില്‍ ഇല്ലാത്ത സിപിഐഎം(എല്‍)മായി ധാരണയായി. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ ആകാം. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണതെന്നും എം എ ബേബി പറഞ്ഞു. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം നടക്കുന്നതായി എം എ ബേബി ആരോപിച്ചു. വി ഡി സതീശന്‍ ഗോള്‍വാക്കറിന്റെ മുന്നില്‍ വിളക്ക് കൊളുത്തി തൊഴുത് നില്‍ക്കുന്ന രംഗം താന്‍ ഓര്‍ക്കുകയാണ്. ഇത് സിപിഐഎമ്മിനോ ഇടതുപക്ഷത്തിനോ മതനിരപേക്ഷ രാഷ്ട്രീയ സമീപനം പിന്തുടരുന്നവര്‍ക്കോ ആലോചിക്കാന്‍ പറ്റാത്ത കാര്യമാണെന്ന് എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അവസരപരമായ സഖ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുള്ള ജയം അംഗീകരിക്കാന്‍ കഴിയില്ല. സിപിഐഎം മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും എം എ ബേബി വ്യക്തമാക്കി.

എസ്എന്‍ഡിപിയുമായി ഐക്യപ്പെടാന്‍ താല്‍പര്യമുണ്ടെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയോടും എം എ ബേബി പ്രതികരിച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും എന്തിനാണ് യോജിക്കുന്നതെന്ന് നോക്കട്ടെയെന്നും എന്നിട്ട് പാര്‍ട്ടി അഭിപ്രായം പറയാമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlights- MA Baby says that Pinarayi Vijayan will lead the Left Democratic Front on coming assembly election in kerala

dot image
To advertise here,contact us
dot image