

ചെന്നൈ:കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വീണ്ടും ഹാജരാകാൻ തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്ക് സിബിഐയുടെ സമൻസ്. തിങ്കാളാഴ്ച ഡൽഹിയിലെ സിബിഐ ഓഫീസിൽ വീണ്ടും ഹാജരാകാനാണ് നിർദ്ദേശം. സിബിഐ ആസ്ഥാനത്ത് ഹാജരാകുന്നതിനായി വിജയ് ഡൽഹിയിലേയ്ക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്.
നേരത്തെ ജനുവരി 12ന് വിജയ് സിബിഐക്ക് മുന്നിൽ ഹാജരായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് വിജയ് വിധേയനായിരുന്നു. കരൂരിലെ പരിപാടി ആരാണ് സംഘടിപ്പിച്ചത്, ക്രമീകരണങ്ങളെക്കുറിച്ച് വിജയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ, വേദിയിൽ എത്താൻ വൈകിയതിന്റെ കാരണം, വർദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉദ്യോഗസ്ഥർ വിജയ്‌യോട് ചോദിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തിരക്കിന്റെ ഗൗരവം അദ്ദേഹം എപ്പോൾ മനസ്സിലാക്കി, തദ്ദേശ ഭരണകൂടം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നോ, കുടിവെള്ളം, സുരക്ഷ, സുരക്ഷിതമായ പ്രവേശന, എക്സിറ്റ് വഴികൾ എന്നിവയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു എന്നിവയെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരണം തേടിയിരുന്നു.
എല്ലാ ചോദ്യങ്ങൾക്കും വിജയ് മറുപടി നൽകിയതായും വിശദമായ വിശദീകരണങ്ങൾ നൽകിയതായുമായിരുന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. 2025 സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടതാണ് കേസ്. വിജയ് ടിവികെയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചിരുന്നു.
Content Highlights: CBI issues fresh summons to actor-politician Vijay for second round of questioning in Karur stampede case on January 19, 2026. Probe into 2025 rally tragedy continues under Supreme Court supervision.