രാഹുൽ മാങ്കൂട്ടത്തിലുമായി എസ്ഐടിയുടെ തെളിവെടുപ്പ്, തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ചു

ബലാത്സംഗ കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി.

രാഹുൽ മാങ്കൂട്ടത്തിലുമായി  എസ്ഐടിയുടെ തെളിവെടുപ്പ്, തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ചു
dot image

പത്തനംതിട്ട: ബലാത്സംഗ കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തെളിവെടുപ്പ് തുടങ്ങി. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ്. എംഎല്‍എയെ പാലക്കാട് എത്തിച്ചും തെളിവെടുപ്പ് നടത്തും. രാഹുൽ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങളോട് വിമുഖത കാണിക്കുന്നുമെന്നുമാണ് റിപ്പോർട്ട്. പല ചോദ്യങ്ങൾക്കും രാഹുലിന്റെ മറുപടി ചിരി മാത്രമാണ്. ഇന്നും മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പാസ്സ്‌വേർഡുകൾ നൽകാൻ തയ്യാറായില്ല.

യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

അതേസമയം, അതിജീവിതയുടെ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് എസ്ഐടി ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇരുപതിലധികം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും എസ്ഐടി തേടുക.രാഹുൽ നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലയെന്നും എസ്ഐടി അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുക.

16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും. രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ രാഹുല്‍ അറസ്റ്റ് നോട്ടീസില്‍ ഒപ്പിടാത്തത് എന്താണെന്ന് കോടതി തിരിച്ച് ചോദിച്ചു. അറസ്റ്റിനെ താന്‍ തടഞ്ഞിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്റെ വാദം. പൊലീസ് തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം ഏറെ നേരം കസ്റ്റഡിയില്‍ വെച്ചെന്നും രാഹുല്‍ പറഞ്ഞു.

Content Highlights: The SIT conducted evidence collection with Rahul Mankootathil

dot image
To advertise here,contact us
dot image