

ദുബായിലെ സ്കൂൾ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിന് പകരമായി പുതിയൊരു സംവിധാനം ഒരുക്കുന്നതിനുമായി 'സ്കൂൾ ട്രാൻസ്‌പോർട്ട് പൂളിംഗ്' പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2026-ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിക്കായി യാംഗോ ഗ്രൂപ്പ്, അർബൻ എക്സ്പ്രസ് ട്രാൻസ്‌പോർട്ട് എന്നിവരുമായി ആർടിഎ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഈ പരീക്ഷണ പദ്ധതി പ്രകാരം, നിശ്ചിത ഭൂമിശാസ്ത്ര പരിധിയിലുള്ള ഒന്നിലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഷെയേഡ് ബസ് സൗകര്യം ഒരുക്കും. യാത്രകളുടെ കൃത്യമായ ഏകോപനം, വാഹനങ്ങളുടെ ട്രാക്കിംഗ്, പ്രവർത്തനങ്ങളുടെ നിരീക്ഷണം എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്.
ദുബായിലെ സ്കൂൾ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷ, സുരക്ഷിതത്വം, നിയന്ത്രണങ്ങൾ, നിയമപരമായ ആവശ്യകതകൾ എന്നിവയെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഈ പദ്ധതിയെന്ന് ആർടിഎ അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും ഇത് സ്കൂൾ പരിസരങ്ങളിലെ ഗതാഗതക്കുരുക്കിന് നേരിട്ട് കാരണമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ സംരംഭത്തിലൂടെ, കുറഞ്ഞ നിരക്കിൽ ഒരു ബദൽ സ്കൂൾ യാത്രാ സംവിധാനം ഒരുക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ഇത് ഗതാഗതം സുഗമമാക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാ അനുഭവം നൽകാനും സഹായിക്കുമെന്നും അധികൃതർ വിലയിരുത്തി.
Content Highlights: