ടിപി കേസ് ഒന്നാം പ്രതി അനൂപിന് പരോൾ; മൂന്ന് മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വാഭാവിക പരോൾ എന്ന് ജയിൽ അധികൃതർ

കേസിലെ പ്രതികൾക്ക് ചട്ടപ്രകാരമല്ലാതെ പരോൾ അനുവദിക്കുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് വീണ്ടും പരോൾ അനുവദിച്ചുള്ള നീക്കം

ടിപി കേസ് ഒന്നാം പ്രതി അനൂപിന് പരോൾ; മൂന്ന് മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വാഭാവിക പരോൾ എന്ന് ജയിൽ അധികൃതർ
dot image

കണ്ണൂർ: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പതിക്ക് പരോൾ. എം സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ. മൂന്ന് മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

കേസിലെ മറ്റ് പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് നേരത്തെ പരോൾ ലഭിച്ചിരുന്നു. കേസിലെ നാലാം പ്രതിയായ ടി കെ രജീഷിന് ഇരുപത് ദിവസത്തേക്കായിരുന്നു മുൻപ് പരോൾ അനുവദിച്ചത്. മൂന്ന് മാസത്തിനിടെ രണ്ട് തവണയാണ് രജീഷിന് പരോൾ അനുവദിച്ചത്.
കേസിലെ പ്രതികൾക്ക് ചട്ടപ്രകാരമല്ലാതെ പരോൾ അനുവദിക്കുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് വീണ്ടും പരോൾ അനുവദിച്ചുള്ള നീക്കം.

ടി പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളുകളെ കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതിയും അടുത്തിടെ വാക്കാൽ പരാമർശിച്ചിരുന്നു. കേസിലെ 12ാം പ്രതിയായ ജ്യോതി ബാബുവിന്റെ പരോൾ ആവശ്യത്തിലായിരുന്നു കോടതിയുടെ പ്രതികരണം. ജ്യോതിബാബുവിന് 10 ദിവസത്തെ അടിയന്തര പരോൾ വേണമെന്ന ആവശ്യം പരിഗണിക്കവെ രൂക്ഷ വിമർശനമുന്നയിച്ച കോടതി, പ്രതികൾക്ക് തുടർച്ചയായ പരോളും അടിയന്തര അവധികളും നൽകിയത് വിശദമായി അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ടി പി കേസിലെ പ്രതികൾക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാൻ എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചിരുന്നു. ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷ നിരസിച്ചായിരുന്നു കോടതിയുടെ പരാമർശം. അതേസമയം ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും.

കേസിലെ കുറ്റവാളികൾക്ക് അഭൂതപൂർവവും അനുപാതരഹിതവുമായ ഇളവുകൾ ലഭിക്കുന്നുവെന്ന് ടി പിയുടെ ഭാര്യയും എംഎൽഎയുമായ കെ കെ രമ നേരത്തെ ആരോപിച്ചിരുന്നു.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്എംപി നേതാവ് ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില് പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന് ചാണ്ടി ഉള്പ്പടെയുള്ളവരുടെ ആരോപണം.

Content Highlights: tp case accused mc anoop gets parole again

dot image
To advertise here,contact us
dot image