വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഏറ്റവും മികച്ച 10 മലയാള ബിസിനസ് പുസ്തകങ്ങള്‍

കര്‍മ്മ മണ്ഡലം ഏതുമായിക്കൊള്ളട്ടെ, അവിടെയെല്ലാം വിജയം വരിക്കാനുള്ള മന്ത്രങ്ങള്‍ എക്കാലത്തെയും മികച്ച ഈ 10 പുസ്തകങ്ങളിലുണ്ട്

വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഏറ്റവും മികച്ച 10 മലയാള ബിസിനസ് പുസ്തകങ്ങള്‍
പി ജി സുജ
1 min read|12 Jan 2026, 05:02 pm
dot image

ബിസിനസിലും പ്രൊഫഷണലിലും നിക്ഷേപത്തിലും വിജയം ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട മികച്ച 10 മലയാള പുസ്തകങ്ങള്‍. കര്‍മ്മ മണ്ഡലം ഏതുമായിക്കൊള്ളട്ടെ, അവിടെയെല്ലാം വിജയം വരിക്കാനുള്ള മന്ത്രങ്ങള്‍ എക്കാലത്തെയും മികച്ച ഈ 10 പുസ്തകങ്ങളിലുണ്ട്. നിങ്ങളുടെ ഓഫീസ് മുറിയിലെ ഡ്രോയറിലും വീട്ടിലെ കിടപ്പുമുറിയിലും ഒരു റെഡി റെഫറന്‍സിനായി സൂക്ഷിച്ചുവയ്ക്കുക കൂടി ചെയ്യാവുന്ന പുസ്തകങ്ങളാണ് ഇവ.

1. രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ

ആര്‍. റോഷന്‍, മാതൃഭൂമി ബുക്‌സ്

രത്തന്‍ ടാറ്റയെ നേരിട്ട് കണ്ട് ഒന്നു സംസാരിക്കാന്‍ കൊതിക്കാത്ത വ്യവസായികളുണ്ടാകില്ല. ആ വിജയമന്ത്രങ്ങള്‍ അടുത്തു മനസ്സിലാക്കാന്‍ വായനക്കാരെ പ്രാപ്തമാക്കുന്ന പുസ്തകമാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ ഗ്രന്ഥം. രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്ര ജീവചരിത്ര ഗ്രന്ഥം കൂടിയാണിത്. ബിസിനസ് വിജയം ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചു മനസിലാക്കേണ്ട ഈ പുസ്തകം രചിച്ചിരിക്കുന്നത് ബിസിനസ് പ്രവര്‍ത്തകനും സ്റ്റാര്‍ട്ടപ്പ് മെന്ററുമായ ആര്‍. റോഷനാണ്. ജീവിതവിജയം ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.

2. ഓര്‍മകളിലേക്ക് ഒരു യാത്ര

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മാതൃഭൂമി ബുക്‌സ്

വി-ഗാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി സംരംഭങ്ങള്‍ കെട്ടിപ്പടുത്ത ജീവിത യാത്രയിലെ അനുഭവങ്ങള്‍ സരസമായി വിവരിക്കുന്ന ഈ പുസ്തകം, സംരംഭം തുടങ്ങാനും വിജയിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള വഴികാട്ടിയാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന വ്യവസായ സംരംഭകനെ അടുത്തറിയാന്‍ സഹായിക്കുന്നതാണ് ഈ പുസ്തകം.

3. സന്തുഷ്ട ജീവിതത്തിന് 50 സാമ്പത്തിക വഴികള്‍

കെ.കെ. ജയകുമാര്‍, മനോരമ ബുക്‌സ്

50 ചെറുകഥകളുടെ സമാഹാരമാണിത്. മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ സ്ഥിരമായി നടക്കുന്ന സംഭവവികാസങ്ങളെ രസകരമായി അവതരിപ്പിച്ച്, സമ്പാദ്യ, നിക്ഷേപ മാര്‍ഗങ്ങളെ പരിചയപ്പെടുത്തുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികള്‍ വിശദമാക്കുകയും ചെയ്യുന്ന പുസ്തകം. എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററായ കെ.കെ. ജയകുമാര്‍ മലയാള മനോരമ സമ്പാദ്യത്തില്‍ എഴുതുന്ന ബാലന്‍സ് ഷീറ്റ് എന്ന പംക്തിയിലെ കഥകളുടെ സമാഹാരമാണിത്.

kk jayakumar book

4. ഓഹരി നിക്ഷേപം: സമ്പത്തിലേക്കുള്ള മാന്ത്രികവഴി

ഡോ. വി.കെ. വിജയകുമാര്‍, മനോരമ ബുക്സ്

ഓഹരി വിപണിയിലേക്കുള്ള ആദ്യ കാല്‍വയ്പ്പിനും നിലവിലുള്ള നിക്ഷേപങ്ങളെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും സഹായിക്കുന്ന വിശ്വാസയോഗ്യമായ കൈപ്പുസ്തകമാണിത്. വര്‍ഷങ്ങളായുള്ള സാമ്പത്തിക പഠനവും അനുഭവസമ്പത്തും കൈമുതലാക്കി, നിക്ഷേപത്തിന്റെ സൂക്ഷ്മതകളും വിപണി മനസ്സിലാക്കാനുള്ള കാഴ്ചപ്പാടുകളും ഗ്രന്ഥകാരന്‍ ലളിതമായി അവതരിപ്പിക്കുന്നു. ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ഓഹരി വിപണിയെ ശാസ്ത്രീയവും പ്രായോഗികവുമായ സമീപനത്തിലൂടെ വായനക്കാരനിലേക്ക് അടുപ്പിക്കുന്ന ഗ്രന്ഥം.

5. ആദ്യത്തെ ചിരി

പി. കിഷോര്‍, ഡി.സി. ബുക്സ്

സംരംഭകത്വത്തിന്റെ വഴിയില്‍ ആദ്യമായി ഇറങ്ങുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന, ചിരിയോടൊപ്പം ചിന്തയും നല്‍കുന്ന പുസ്തകം. ബിസിനസിലെ കാണാപ്പാഠങ്ങളും ജീവിതത്തിലെ ചെറു പാഠങ്ങളും ലളിതവും രസകരവുമായ കുറിപ്പുകളായി ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. മനോരമയിലെ 'ബിസിനസ് ബൂം' പംക്തിയിലൂടെ ശ്രദ്ധ നേടിയ പി. കിഷോറിന്റെ എഴുത്തില്‍ അനുഭവങ്ങളുടെ ചൂടും ഹാസ്യത്തിന്റെ തണുപ്പും ഒരുമിച്ചുവരുന്നു.

6. സ്പ്രഡിങ് ജോയ്

ജോയ് ആലുക്കാസ്, ഡി.സി. ബുക്സ്

ഒരു കുടുംബവ്യാപാരത്തില്‍ നിന്നാരംഭിച്ച് ആഗോള ജുവലറി ബ്രാന്‍ഡായി വളര്‍ന്ന ജോയ് ആലുക്കാസിന്റെ ആത്മകഥ. പരിശ്രമവും ദൃഢനിശ്ചയവും സ്വപ്നങ്ങളോടുള്ള വിശ്വാസവും എങ്ങനെ വിജയത്തിലേക്ക് നയിക്കുന്നു എന്നത് ഈ പുസ്തകം തെളിയിക്കുന്നു. സംരംഭകരംഗത്തേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് പ്രചോദനമായി മാറുന്ന അനുഭവങ്ങള്‍ നിറഞ്ഞ കൃതി.

7. യൂ ടേണ്‍

എ.വി. അനൂപ്, കറന്റ് ബുക്സ്

പ്രതിസന്ധികളെ വഴിത്തിരിവുകളാക്കി മാറ്റിയ ഒരു സംരംഭകന്റെ ജീവിതകഥ. വെല്ലുവിളികള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നേറി വിജയത്തിലെത്തിയ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. മെഡിമിക്‌സ് എന്ന സംരംഭവുമായി ബന്ധപ്പെട്ട യാത്രകളും വ്യക്തിപരമായ ജീവിതപാഠങ്ങളും ഡോ. എ.വി. അനൂപ് സത്യസന്ധമായി പങ്കുവെയ്ക്കുന്നു.

8. രുചി നിര്‍വാണ

ഷെഫ് സുരേഷ് പിള്ള, മനോരമ ബുക്‌സ്

കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച.

chef pillai book

9. സുഗന്ധജീവിതം

ഡോ. വിജു ജേക്കബ്, മാതൃഭൂമി ബുക്സ്

മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ലോകത്തേക്ക് വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്ന പുസ്തകം. 'ഒലിയോറെസിന്സ്' എന്ന പ്രത്യേക മേഖലയിലൂടെ ഒരു സംരംഭം എങ്ങനെ ആഗോള തലത്തിലേക്ക് വളരുന്നു എന്നതിന്റെ കഥയാണ് ഇതിന്റെ പശ്ചാത്തലം. ഒരു കമ്പനിയുടെ വളര്‍ച്ചയും അതിനു പിന്നിലെ മനുഷ്യന്റെ കഠിനാധ്വാനവും ഒരുമിച്ച് വായിക്കാവുന്ന കൃതി.

10. ലാഭം 50000
ടി.എസ്. ചന്ദ്രന്‍, മനോരമ ബുക്സ്

സ്വന്തമായി ഒരു ചെറുകിട ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തയ്യാറാക്കിയ പ്രായോഗിക മാര്‍ഗരേഖ. കുറഞ്ഞ മൂലധനത്തില്‍ ആരംഭിക്കാവുന്ന ലാഭകരമായ സംരംഭങ്ങളെക്കുറിച്ച് ഘട്ടം ഘട്ടമായി വിശദീകരിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍, നിര്‍മ്മാണരീതികള്‍, പ്രവര്‍ത്തനസാധ്യതകള്‍ എന്നിവ ലളിതമായി അവതരിപ്പിക്കുന്ന ഈ പുസ്തകം വീട്ടമ്മമാര്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കും അധിക വരുമാനത്തിന്റെ പുതിയ വഴികള്‍ തുറക്കുന്നു.

Content Highlights: Discover the top 10 must read books for business success, leadership skills, entrepreneurship, mindset, wealth creation and personal growth

dot image
To advertise here,contact us
dot image