

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടൺ സുന്ദറിന് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. ബിസിസിഐ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു. ആദ്യമായിട്ടാണ് ബദോനിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന ബദോനി അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
🚨 News 🚨
— BCCI (@BCCI) January 12, 2026
Washington Sundar ruled out of #INDvNZ ODI series; Ayush Badoni receives maiden call-up.
Details ▶️ https://t.co/ktIeMig1sr #TeamIndia | @IDFCFIRSTBank
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേൽക്കുന്നത്. വഡോദരയിൽ നടന്ന മത്സരത്തിൽ സൈഡ് സ്ട്രെയിൻ അനുഭവപ്പെടുകയായിരുന്നു. മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ മൈതാനം വിടുകയായിരുന്നു. പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലെത്തുകയും ചെയ്തു.
എന്നാൽ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ എട്ടാം നമ്പറിൽ വാഷിങ്ടൺ സുന്ദർ ക്രീസിലെത്തിയിരുന്നു. കഠിനമായ വേദന സഹിച്ചും ഏഴ് പന്തിൽ ഏഴ് റൺസ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകൻ ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചിരുന്നു.
ന്യൂസിലാൻഡിനെതിരായ 2, 3 ഏകദിനങ്ങൾക്കുള്ള ഇന്ത്യയുടെ പുതുക്കിയ സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, നിതീഷ് കുമാർ, നിതീഷ് കുമാർ, നിതീഷ് കുമാർ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി.
Content Highlights: IND vs NZ: Ayush Badoni earns maiden ODI call-up after Washington Sundar’s rib injury