

തൃശൂർ: തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളെത്തന്നെ സിപിഐഎം മത്സരിപ്പിക്കുമെന്ന് സൂചന. കുന്നംകുളത്ത് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും മണലൂരിൽ മുൻ മന്ത്രി സി രവീന്ദ്രനാഥുമാണ് പരിഗണനയിലുള്ളത്. എന്നാൽ വിജയരാഘവനെ സ്ഥാനാർത്ഥിയാക്കുന്നതിൽ സിപിഐഎം ചില പ്രശ്ങ്ങളും മുൻപിൽകാണുന്നുണ്ട്. ഭാര്യയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ മത്സരിക്കും എന്നതായിരിക്കും വിജയരാഘവനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിക്ക് മുൻപിലുള്ള വെല്ലുവിളി.
മുൻ വിദ്യാഭ്യാസ മന്ത്രിയായ സി രവീന്ദ്രനാഥാണ് മണലൂരിൽ പരിഗണനയിലുള്ളത്. സിപിഐഎമ്മിന്റെ തന്നെ മുരളി പെരുനല്ലിയാണ് മണലൂരിൽ നിലവിൽ എംഎൽഎ. മണലൂരിൽ നിർത്താൻ സാധിച്ചില്ലെങ്കിൽ രവീന്ദ്രനാഥിനെ തൃശൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്. നിലവിൽ തൃശൂർ എംഎൽഎയായ പി ബാലചന്ദ്രനെ മാറ്റുമെന്ന സൂചനയുമുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അല്ലെങ്കിൽ മാറിനിൽക്കും എന്നാണ് ബാലചന്ദ്രൻ വ്യക്തമാക്കിയത്.
ബിജെപിയും തൃശൂർ പിടിക്കാനായി കച്ചകെട്ടിയിറങ്ങും എന്നാണ് വിവരം. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തൃശൂരിന്റെ ചുമതലയുണ്ടായിരുന്ന എം ടി രമേശായിരിക്കും തൃശൂരിൽ ബിജെപിയുടെ സ്ഥാനാർഥി എന്നാണ് സൂചന. എ ക്ലാസ് മണ്ഡലങ്ങളിൽ മികച്ച നേതാക്കളെത്തന്നെ രംഗത്തിറക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ബിജെപി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കോൺഗ്രസിൽ വരും ദിവസങ്ങളില്‍ ചർച്ചകൾ നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി 13,14 തിയ്യതികളില്‍ തിരുവനന്തപുരത്തുണ്ടാവും. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ആദ്യ പട്ടിക ഈ മാസം തന്നെ പുറത്തിക്കാനാണ് ആലോചിക്കുന്നത്. നിരീക്ഷകരും രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെത്തും.
സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ് ഗര്‍ഹി, കനയ്യ കുമാര്‍ എന്നിവരാണ് എഐസിസി നിയോഗിച്ച നിരീക്ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 140ല്‍ ഏറ്റവും കുറഞ്ഞത് 85 സീറ്റില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
Content Highlights: Vijayaraghavan and Raveendranath for CPIM, MT Ramesh for BJP, thrissur calculations for assembly elections going on for parties