റെജി ലൂക്കോസിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് CPIM കോട്ടയം സെക്രട്ടറി; പാർട്ടി അംഗമല്ലെന്ന് ശിവൻകുട്ടി

റെജി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നിലെ കാരണമെന്തെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ടി ആര്‍ രഘുനാഥ്

റെജി ലൂക്കോസിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് CPIM കോട്ടയം സെക്രട്ടറി; പാർട്ടി അംഗമല്ലെന്ന് ശിവൻകുട്ടി
dot image

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന റെജി ലൂക്കോസിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ്. ഒരു ബന്ധവുമില്ലാത്ത ആളെ എങ്ങനെ പുറത്താക്കുമെന്നും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും റെജി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. അത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല. റെജി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നിലെ കാരണമെന്തെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ടി ആര്‍ രഘുനാഥ് പറഞ്ഞു.

അതേസമയം, റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്ന വിഷയം അറിഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. പാര്‍ട്ടിയുടെ ലോക്കല്‍, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാര്‍ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ല.
ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ലല്ലോ എല്‍ഡിഎഫ് വളര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏല്‍പ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. പ്രകടനപത്രികയില്‍ ജനങ്ങളോട് മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കും. 110 സീറ്റുകളില്‍ വിജയം ഉറപ്പാണ്. ലീഗ് കോട്ടകള്‍ അടക്കം ഇളക്കി അത്യുജ്ജ്വല കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ക്രൈസ്തവ, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കാതിരിക്കാനുള്ള കാരണമുണ്ടോ?. ഒരു വോട്ടും എവിടെയും പോയിട്ടില്ല. ഭിന്നശേഷി നിയമനത്തില്‍ അല്ലാതെ വേറെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ. മൂന്നാം പിണറായി സര്‍ക്കാര്‍ വരുമോ എന്ന ചോദ്യത്തിന് വരാതിരിക്കാനുള്ള എന്തെങ്കിലും കാരണമുണ്ടോയെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ മറുചോദ്യം.

Content Highlights: T R Raghunath says that Regi Lukkos who joined the BJP has no connection with cpim

dot image
To advertise here,contact us
dot image