സംഘപരിവാർ പറയാൻ മടിക്കുന്നതു പോലും പറയാനുള്ള വക്താവിനെ മുഖ്യമന്ത്രിയിലൂടെ RSSന് കിട്ടി; കെ സി വേണുഗോപാൽ

യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രിയുടേതെന്ന് കെ സി വേണുഗോപാൽ

സംഘപരിവാർ പറയാൻ മടിക്കുന്നതു പോലും പറയാനുള്ള വക്താവിനെ മുഖ്യമന്ത്രിയിലൂടെ RSSന് കിട്ടി; കെ സി വേണുഗോപാൽ
dot image

പത്തനംതിട്ട: കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

സത്യത്തിന്റെ അംശം പോലും ഇല്ലാത്ത അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നടത്തിയത്. എ കെ ബാലനെക്കൊണ്ട് മാറാട് സംബന്ധിച്ച കാര്യം കഴിഞ്ഞ ദിവസം പറയിപ്പിച്ചത് ആര് എന്ന് ഇപ്പോൾ വ്യക്തമായെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സാമൂഹിക സൗഹാർദം ഊട്ടി ഉറപ്പിക്കേണ്ട മുഖ്യമന്ത്രി എങ്ങനെയെങ്കിലും പത്ത് വോട്ട് നേടാനാണ് ശ്രമിക്കുന്നത്. അയ്യപ്പന്റെ സ്വർണ്ണം കട്ട രണ്ട് പേരെ രണ്ടു പോക്കറ്റിൽ ഇട്ടാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. സംഘപരിവാർ പറയാൻ മടിക്കുന്നതു പോലും പറയാനുള്ള വക്താവിനെ മുഖ്യമന്ത്രിയിലൂടെ ആർഎസ്എസിന് കിട്ടി. എല്ലാ മതവിഭാഗത്തെയും ഒരു പോലെ കാണുകയും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

എസ്ഡിപിഐയും വർഗീയ പാർട്ടിയാണ്. ജമാത്തെ ഇസ്‌ലാമി സിപിഐഎമ്മിനൊപ്പം കൂടുമ്പോൾ വർഗീയ പാർട്ടിയാകാതിരിക്കുകയും കോൺഗ്രസിന് ഒപ്പം ചേരുമ്പോൾ വർഗീയ പാർട്ടിയാണെന്ന് വാദിക്കുകയും ചെയ്യുകയാണ്. അപഹാസ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് സിപിഐഎമ്മിനെ കാത്തിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സാക്ഷാൽ പിണറായി വിജയനാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ കോൺ​ഗ്രസിനെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം നടത്തിയിരുന്നു. മാറാട് ഓര്‍മ്മിപ്പിക്കുക മാത്രമാണ് എ കെ ബാലന്‍ ചെയ്തതെന്നും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന് എന്നും പറഞ്ഞ മുഖ്യമന്ത്രി, വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ലെന്നും കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കല്‍ ആവുകയെന്നും അത് ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണെന്നും പറഞ്ഞിരുന്നു.

'ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നില്‍ മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ല. അതില്‍ നിന്നും വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് സഖാവ് എ കെ ബാലന്‍ ഓര്‍മ്മിപ്പച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അതിനിഷ്ഠുരമായ കലാപമായിരുന്നല്ലോ. കലാപശേഷം നമ്മളെല്ലാം പ്രദേശം സ്വാഭാവികമായും സന്ദര്‍ശിക്കുമല്ലോ. അന്നത്തെ മുഖ്യമന്ത്രി അവിടെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ആര്‍എസ്എസ് നിബന്ധനവെച്ചു. നിങ്ങളുടെ കൂട്ടത്തിലുള്ള മന്ത്രി വരാന്‍ പാടില്ലെന്ന് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയായിരുന്നു അത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എ കെ ആന്റണി പോകുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂട്ടിയില്ല. ഇവരുടെ അനുവാദം വാങ്ങിപ്പോകുന്ന അവസ്ഥയാണ് ഉണ്ടായത്. എന്താണത് കാണിക്കുന്നത്. അതാണ് യുഡിഎഫിന്റെ രീതി. അന്ന് ഞാന്‍ പാര്‍ട്ടി ഭാരവാഹിയായിരുന്നു. ഞാന്‍ അവിടെപ്പോയത് ആരുടെയും അനുമതി വാങ്ങിയല്ല' എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'യുഡിഎഫ് വര്‍ഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം. യുഡിഎഫ് നിലപാടിന്റെ ഭാഗമായാണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിയതും സംഘര്‍ഷങ്ങള്‍ വ്യാപിച്ചതും. ഇതിനെ നേരിടുന്നതില്‍ കൃത്യതയാര്‍ന്ന നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് ആയിട്ടില്ല. അതേ വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ല. പക്ഷെ അവര്‍ക്ക് അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ തലപൊക്കാനുള്ള ശ്രമം നടത്തിയാല്‍ കര്‍ക്കശമായ നിലപാടിലൂടെ നേരിടുന്നതാണ് ഇന്നത്തെ സര്‍ക്കാരിന്റെ രീതി. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഇതാണ് ബാലന്‍ പറയാന്‍ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കല്‍ ആവുക. അത് ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീണനമാണ് എന്നുസ്ഥാപിക്കലാണ്. ഞങ്ങള്‍ അങ്ങനെ കാണുന്നില്ല. വര്‍ഗീയതയെയാണ് എതിര്‍ക്കുന്നത്' എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights:‌ congress leader kc venugopal against chief minister pinarayi vijayan

dot image
To advertise here,contact us
dot image