

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി പിന്നിട്ടു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ തിയേറ്റർ വിസിറ്റിന് എത്തിയ അഖിൽ സത്യന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വഴിമാറി പോയ മലയാള സിനിമയെ തിരിക്കെ കൈ പിടിച്ച് വീട്ടിലേക്ക് എത്തിച്ചത് പ്രേക്ഷകർ കൂടെയാണെന്ന് അഖിൽ സത്യൻ പറഞ്ഞു. ലൗണ്ട് ആക്ഷൻ ഇല്ലാതെ ബജറ്റ് കുറവായ ഒരു സിമ്പിൾ സിനിമയെ മനുഷ്യന്റെ ഇമോഷൻ മാത്രമുള്ള സിനിമയെ വിജയിപ്പിച്ചതിൽ സന്തോഷം ഉണ്ടെന്നും അഖിൽ കൂട്ടിച്ചേർത്തു.
'ഈ സിനിമ കണ്ട് സംവിധായകൻ ഹരിഹരൻ സാർ വിളിച്ചിരുന്നു. വഴിമാറി പോയ മലയാളം സിനിമയെ നീ കൈ പിടിച്ച് വീട്ടിലേക്ക് ആക്കിയെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ പ്രേക്ഷകരാണ് ആ കൈ പിടിച്ചത്. ലൗണ്ട് ആക്ഷൻ ഇല്ലാതെ ബജറ്റ് കുറവായ ഒരു സിമ്പിൾ സിനിമയെ മനുഷ്യന്റെ ഇമോഷൻ മാത്രമുള്ള സിനിമയെ നിങ്ങൾ ഹിറ്റാക്കി കാണിച്ചു കൊടുത്തു. നമ്മൾ വളർന്നത് എല്ലാം ഇത്തരം സിനിമകൾ കണ്ടിട്ടാണ്. സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിദ്ധിഖ്, ലാൽ ജോസ് ആരായാലും ആ ഒരു സിനിമാറ്റിക് ഗ്രാമർ നിങ്ങൾ തിയേറ്ററിൽ പ്രൂവ് ചെയ്തു. അതിന് ഒരുപാട് നന്ദി. ഇനി അങ്ങോട്ടും ഇതുപോലുള്ള സിനിമകൾ പ്രതീക്ഷിക്കാം,' അഖിൽ സത്യൻ പറഞ്ഞു. എറണാകുളം കവിത തിയേറ്ററിലായിരുന്നു നടനും സിനിമയുടെ അണിയറപ്രവർത്തകരും എത്തിയിരുന്നത്.
പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.
ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
Content Highlights: Director Akhil Sathyan stated that Malayalam cinema, which he felt had gone astray, has now been guided back to the right path.