

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുമെന്ന് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍, ആശുപത്രി അധികൃതര്‍, സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരിക്കും കേസ്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. കീഹോള്‍ ശസ്ത്രക്രിയയിലൂടെ വയര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്.
ഇതോടെയാണ് സുമയ്യ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പോ സര്‍ക്കാരോ സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി മുന്നോട്ടുപോകുന്നതെന്നും സുമയ്യ പറഞ്ഞു. ജീവിതാവസാനം വരെയുളള നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയുമാണ് സുമയ്യയുടെ ആവശ്യം.
2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില്‍ ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെടുകയായിരുന്നു.
2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്‌സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീഹോൾ ശസ്ത്രക്രിയയിലൂടെ വയർ എടുത്തുനല്‍കാമെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.ഡോക്ടര്‍ രാജീവിനെ ആരോഗ്യ വിഭാഗം ഡയറക്ടര്‍ അടക്കം സംരക്ഷിക്കുകയാണെന്നും ഇതില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Medical Negligence Case; summayya demand govt job and compensation for rest of life