'വര്‍ഗീയ വിഷം ചീറ്റുന്ന വിഷ പാമ്പായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കഴുത്തില്‍ ചുറ്റി കൊണ്ട് നടക്കുന്നു'

മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയാക്കുന്നത് ശ്രീനാരായണ സംസ്‌കാരം അല്ലെന്നും വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകള്‍

'വര്‍ഗീയ വിഷം ചീറ്റുന്ന വിഷ പാമ്പായ വെള്ളാപ്പള്ളിയെ  മുഖ്യമന്ത്രി കഴുത്തില്‍ ചുറ്റി കൊണ്ട് നടക്കുന്നു'
dot image

തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംയുക്ത പത്രസമ്മേളനവുമായി വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകള്‍. വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ വേദന ഉണ്ടായവരോട് മാപ്പ് പറയുന്നുവെന്ന് സംഘടനകള്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ ശൈലികള്‍ കേരള സമൂഹം ഉത്കണ്ഠപ്പെടുന്നതാണെന്നും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിക്കുന്നു. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധര്‍മ്മവേദി, എസ്എന്‍ഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മ്മോദ്ധാരണ സമിതി, എസ്എന്‍ഡിപി യോഗം- എസ്എന്‍ ട്രസ്റ്റ് എന്നീ സംഘടനകളാണ് പത്രസമ്മേളനം നടത്തിയത്.

'സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യം. ഏതെങ്കിലും സമുദായത്തെയോ മത വിഭാഗങ്ങളെയോ തമ്മില്‍ വിദ്വേഷം ഉണ്ടാക്കുന്ന നടപടികള്‍ കേരളത്തിന് യോജിച്ചതല്ല. സമുദായത്തിന്റെ നേതാവായിരുന്ന് എന്ത് നേടി എന്ന് പറയാന്‍ വെള്ളാപ്പള്ളിക്ക് ആകുന്നില്ല . വെള്ളാപ്പള്ളിയും അനുചരന്മാരും കുടുംബവും ശ്രമിക്കുന്നത് അവരുടെ നേട്ടമാണ്', പത്രസമ്മളേനത്തില്‍ പറയുന്നു.

ചോദ്യം ചെയ്യുന്ന പത്രക്കാരെ തല്ലാന്‍ പോകുന്നുവെന്നും അവര്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളി അപേക്ഷ നല്‍കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയല്ല. ബാറും ഹോട്ടലുമാണ് വെള്ളാപ്പള്ളി ആവശ്യപ്പെടുന്നതെന്നും അവര്‍ വിമര്‍ശിച്ചു. നൂറിലധികം കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നുവെന്നും പട്ടും വളയും ചാര്‍ത്താന്‍ മുഖ്യമന്ത്രിയും മന്ത്രിയും പോകുന്നുവെന്ന രൂക്ഷ വിമര്‍ശനവും സംഘടനകള്‍ ഉന്നയിച്ചു. വെള്ളാപ്പള്ളി സര്‍ക്കാരിന്റെ ഒത്താശയോടെ നിയമവിരുദ്ധമായി എസ്എന്‍ഡിപി സ്ഥാനം വഹിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.

'വെള്ളാപ്പള്ളി നടേശന്‍ ശുദ്ധ നന്ദികേടിന്റെ പര്യായമാണ്. വെള്ളാപ്പള്ളി ബാഖഫി തങ്ങളുടെയും സിഎച്ചിന്റെയും ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കണം. ആര്‍ ശങ്കറിനെ മുന്‍പ് വിജയിപ്പിക്കാന്‍ മുന്‍ കയ്യെടുത്തത് ലീഗ് ആണ്. ആര്‍ ശങ്കര്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കൊള്ളയടിച്ചത് വെള്ളാപ്പള്ളിയാണ്. തട്ടിപ്പുകാരനും മോഷ്ടാവുമൊക്കെയായ ഒരാളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് തെറ്റാണ്. അത് മുഖ്യമന്ത്രി തിരുത്തണം', പത്ര സമ്മേളനത്തില്‍ പറയുന്നു.

നടേശന്‍ എസ്എന്‍ഡിപി യോഗത്തില്‍ അയോഗ്യനായ ആളാണെന്നും കാലാവധി കഴിഞ്ഞിട്ടും ആ സ്ഥാനത്ത് തുടരുന്നുവെന്നും പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാം അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിയ ഹൈക്കോടതി വിധി അട്ടിമറിച്ചു. ആറ് വര്‍ഷമായി ജനറല്‍ ബോഡി കൂടുന്നില്ല. നിയമപ്രകാരം ഭരണസമിതി ഇല്ലാത്ത ഒരു സംഘടനയായി മാറി. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി എം കെ സാനു മാസ്റ്റര്‍ 2017ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പത്ര സമ്മേളനത്തില്‍ പറയുന്നു.

വര്‍ഗീയ വിഷം ചീറ്റുന്ന വിഷ പാമ്പായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കഴുത്തില്‍ ചുറ്റി കൊണ്ട് നടക്കുന്നുവെന്നും ഒന്‍പതു വര്‍ഷം കൊണ്ട് കേരളത്തില്‍ ഈഴവര്‍ക്ക് അവഗണനയല്ലാതെ ഒന്നും കിട്ടിയില്ലെന്നും പത്ര സമ്മേളനത്തില്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയാക്കുന്നത് ശ്രീനാരായണ സംസ്‌കാരം അല്ലെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlights: Sree Narayaneeya organisations opposing Vellappally Natesan have come out with criticism against both Vellappally Natesan and the Kerala Chief Minister

dot image
To advertise here,contact us
dot image