യുഎസിന്‍റെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ, പ്രതിരോധത്തിന് ഞങ്ങൾക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്; അവകാശവാദവുമായി ട്രംപ്

എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരമായുള്ള സംവാദത്തിനിടെയായിരുന്നു ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചത്

യുഎസിന്‍റെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ, പ്രതിരോധത്തിന് ഞങ്ങൾക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്; അവകാശവാദവുമായി ട്രംപ്
dot image

വാഷിങ്ടണ്‍: വെനസ്വലയിലെ അധിനിവേശത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡ് ദീപിന് മേലും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും തന്ത്രപ്രധാനമായ മേഖലയാണ് ഗ്രീന്‍ലാന്‍ഡെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരമായുള്ള സംവാദത്തിനിടെയായിരുന്നു ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചത്.

Also Read:

ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഗ്രീന്‍ലാന്‍ഡ് റഷ്യന്‍- ചൈനീസ് കപ്പലുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. പ്രതിരോധത്തിന് ഞങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും ഡെൻമാർക്ക് അധീന പ്രദേശവുമായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന ആവശ്യം ട്രംപ് പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ദേശീയ സുരക്ഷയ്ക്ക് ഉള്‍പ്പെടെ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും അനിവാര്യമാണെന്ന് പല തവണ ട്രംപ് വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ കീഴില്‍ കൊണ്ടുവരുമെന്ന് സൂചിപ്പിച്ച് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റൈഫുമായ സ്റ്റീഫന്‍ മില്ലറുടെ ഭാര്യയാണ് കാറ്റി മില്ലര്‍.

അമേരിക്കന്‍ കൊടി പുതച്ചു നില്‍ക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ ചിത്രം 'വൈകാതെ' എന്ന കുറിപ്പിനോടൊപ്പമാണ് കാറ്റി മില്ലര്‍ പങ്കുവെച്ചത്. ട്രംപിന്റെ ഒന്നാം ഭരണ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക് പെന്‍സിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി കാറ്റി ജോലി ചെയ്തിരുന്നു. ട്രംപിന്റെ അടുത്ത അനുയായിയാണ് കാറ്റ് എന്നതിനാല്‍ ഈ പോസ്റ്റ് ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ ആഗ്രഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1867 മുതല്‍ തന്നെ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും സൈനികവുമായ പ്രാധാന്യമാണ് ആവശ്യത്തിന് പിന്നില്‍ എന്നാണ് എക്കാലത്തും അമേരിക്ക പറയുന്നത്. ട്രംപ് ഭരണത്തിലെത്തിയതിന് പിന്നാലെ 2019ലും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും രംഗത്തെത്തിയതോടെ ട്രംപിന്റെ ആഗ്രഹം നടക്കാതെ പോവുകയായിരുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകത പോലെ തന്നെ ഗ്രീന്‍ലാന്‍ഡിലെ ധാതുനിക്ഷേപവും അമേരിക്കയെ മോഹിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ടെര്‍ബിയം, ഡിസ്‌പ്രോസിയം തുടങ്ങിയ റെയര്‍ എര്‍ത്ത് മിനറലുകളുടെ വന്‍നിക്ഷേപം ഗ്രീന്‍ലാന്‍ഡിലുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പലതിന്റെയും നിര്‍മാണത്തിന് അത്യന്തപേക്ഷിതമാണ് ഈ ധാതുക്കള്‍. ഇന്ന് ലോകത്ത് ഈ മേഖല കൈയ്യടക്കി വെച്ചിരിക്കുന്ന ചൈനയാണ്. അതിനാല്‍ തന്നെ ട്രംപിന്റെ ഗ്രീന്‍ലാന്‍ഡിനോടുള്ള താല്‍പര്യം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

Content Highlight; US President Donald Trump claimed that Greenland is necessary to ensure the United States’ national security and defense

dot image
To advertise here,contact us
dot image