ഇനി മത്സരിക്കാന്‍ താല്‍പര്യമില്ല; ഇപ്പോള്‍ ഹാപ്പിയാണ്: ആര്‍ ശ്രീലേഖ

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീലേഖ പ്രതികരിച്ചു

ഇനി മത്സരിക്കാന്‍ താല്‍പര്യമില്ല; ഇപ്പോള്‍ ഹാപ്പിയാണ്: ആര്‍ ശ്രീലേഖ
dot image

തിരുവനന്തപുരം: മേയര്‍ ആക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. പരിഗണിക്കാത്തതില്‍ വിഷമമോ നീരസമോ ഇല്ല. രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ട്. അതുകൊണ്ടാണ് പറഞ്ഞതെന്നും ആര്‍ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ശ്രീലേഖയുടെ തുറന്നുപറിച്ചില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരണം.

'തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിച്ച വ്യക്തിയായിരുന്നു ഞാന്‍. മൂന്ന് തവണ ഞാന്‍ വിസമ്മതിച്ചു. പിന്നീട് വെറും കൗണ്‍സിലറായിട്ടല്ല മത്സരിപ്പിക്കുന്നത്, ബിജെപി പാര്‍ട്ടിയുടെ മുഖമായിരിക്കും, എല്ലാവരെയും വിജയിപ്പിച്ചെടുക്കണം, മേയറായി പരിഗണിക്കും എന്നായിരുന്നു എന്നോട് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ പദവി സംബന്ധിച്ച് സമന്വയത്തിലെത്തേണ്ട ഘട്ടത്തില്‍ കൗണ്‍സിലര്‍മാരെ വിളിച്ച് അഭിപ്രായം തേടിയിരുന്നു. അന്ന് കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാനും പറഞ്ഞത്. പാര്‍ട്ടിയില്‍ അനുഭവസമ്പത്തുള്ളയാല്‍ മേയറാവുന്നതില്‍ എനിക്ക് നിരാശയോ നീരസമോ ഇല്ല', ആര്‍ ശ്രീലേഖ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീലേഖ പ്രതികരിച്ചു.
'രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത എനിക്കുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. എല്ലാവരുടെയും ഒപ്പം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും. വി വി രാജേഷിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഓഫര്‍ ചെയ്തിരുന്നില്ല. സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയില്‍ അംഗത്വം എടുത്തത്. എല്ലാവരേയും പോലെ വെരകാന്‍ എനിക്കറിയില്ല. ഞാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സംസ്ഥാനം ബിജെപി ഭരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍', ആര്‍ ശ്രീലേഖ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗണ്‍സിലറാകാന്‍ വേണ്ടിയല്ല മത്സരിപ്പിച്ചതെന്നുമുള്ള ശ്രീലേഖയുടെ പ്രതികരണമാണ് ചര്‍ച്ചയായത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ ആയതെന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു.

Content Highlights: BJP R Sreelekha said I don't want to compete anymore

dot image
To advertise here,contact us
dot image