'വെളളാപ്പളളി വാ പോയ കോടാലി, വർഗീയത പറയുമ്പോൾ ആഭ്യന്തരവകുപ്പ് ചത്തതുപോലെ കിടക്കുന്നു': ചന്ദ്രിക മുഖപ്രസംഗം

സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇത്തരക്കാര്‍ ഗീര്‍വാണമടിക്കുന്നതെന്നും മഹാരഥന്മാര്‍ ഇരുന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് വിഷം വമിപ്പിക്കുന്നത് സങ്കടകരമാണെന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ വിമർശനം

'വെളളാപ്പളളി വാ പോയ കോടാലി, വർഗീയത പറയുമ്പോൾ ആഭ്യന്തരവകുപ്പ് ചത്തതുപോലെ കിടക്കുന്നു': ചന്ദ്രിക മുഖപ്രസംഗം
dot image

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു എന്ന് ചന്ദ്രിക മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചു. വെളളാപ്പളളി വാ പോയ കോടാലി. ഇത്തരക്കാര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല. സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇവര്‍ ഗീര്‍വാണമടിക്കുന്നത്. മഹാരഥന്മാര്‍ ഇരുന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് വിഷം വമിപ്പിക്കുന്നത് സങ്കടകരമാണെന്നും ചന്ദ്രിക വിമർശിച്ചു. ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും ചോദിച്ച് തനിക്ക് പാകമാകാത്തവനെ തീവ്രവാദിയാക്കിയാണ് കേരളാ തൊഗാഡിയ വിലസുന്നതെന്നും മകനുവേണ്ടി പാര്‍ട്ടി തുടങ്ങി അതിനെ ബിജെപിക്കൊപ്പവും താന്‍ പിണറായിക്കൊപ്പവുമാണെന്ന് പ്രഖ്യാപിച്ച് രണ്ടുവളളത്തില്‍ കാലിട്ടാണ് വെളളാപ്പളളി തുടരുന്നതെന്നും മുഖപ്രസംഗത്തില്‍ വിമർശനം. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി വി മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്ന് വിളിച്ചിരുന്നു.

'2024 ന്റെ പകുതി തൊട്ടാണ് വെളളാപ്പളളി വര്‍ഗീയതയുടെ മണി മുഴക്കല്‍ വേഗത കൂട്ടിയത്. പക്ഷെ ഇന്നുവരെ അദ്ദേഹത്തെ തളളാനോ ഇത്തരം വിഷലിപ്തമായ പ്രസ്താവനയ്‌ക്കെതിരെ നിയമപരമായി ചെറുവിരല്‍ അനക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് തന്നെ അതിന് പിന്നിലെ അന്തര്‍ധാര വെളിപ്പെടുത്തുന്നതാണ്. മണി മുഴക്കുന്നത് വെളളാപ്പളളിയാണെങ്കിലും മണി ആര്‍ക്കുവേണ്ടി മുഴക്കുന്നു എന്നത് പ്രസക്തമാണ്. ഇസഡ് കാറ്റഗറി സുരക്ഷയ്ക്കുളള നന്ദി കേന്ദ്രത്തെയും മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എടുത്ത 21 കേസുകളില്‍ കുറ്റപത്രം അനങ്ങാത്തതിലുളള നന്ദി പിണറായിയോടും കാണിക്കുക എന്നതാണ് വെളളാപ്പളളിയുടെ വര്‍ഗീയ കാര്‍ഡിന് പിന്നില്‍' എന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.

ഇന്ത്യയിലെ അവസാനത്തെ ഇടത് മന്ത്രിസഭയുടെ അന്ത്യ കൂദാശയ്ക്ക് ഇനി ഏതാനും നാളുകള്‍ മാത്രമേ ബാക്കിയുളളു എന്ന് തോറ്റാലും തോറ്റാലും മൂര്‍ത്തവും അമൂര്‍ത്തവുമടക്കം കടിച്ചാല്‍ പൊട്ടാത്ത ശങ്കരാടി സ്റ്റൈല്‍ ന്യായം ചമയ്ക്കുളള കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി മുതല്‍ അണ്ടിമുക്ക് സഖാക്കള്‍ക്ക് വരെ അറിയാമെന്നും പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്തെല്ലാം രക്ഷകനായി വെളളാപ്പളളി എത്തിയിട്ടുണ്ടെന്നും ചന്ദ്രിക പറയുന്നു. 'സ്വര്‍ണക്കൊളളയില്‍ സര്‍ക്കാരും പാര്‍ട്ടിയും അടിമുടി നാണംകെട്ട് കിടക്കുന്ന സമയത്ത് ചര്‍ച്ച മാറ്റാന്‍ ഇത്തരമൊന്ന് പ്രതീക്ഷിച്ചതാണ്. മദ്യം പാടില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുളള സംഘടനയുടെ തലപ്പത്തിരുന്നാണ് മദ്യവ്യവസായിയായ വെളളാപ്പളളി വര്‍ഗീയത കത്തിച്ചുവിടുന്നത്. കിലുക്കം സിനിമയില്‍ എല്ലാം എറിഞ്ഞുടച്ചശേഷം രേവതിയുടെ കഥാപാത്രം ഇത്രയല്ലേ ഞാന്‍ ചെയ്തുളളു എന്ന് പറയുന്നത് പോലെയാണ് വെളളാപ്പളളിയുടെ പ്രതികരണം.

പൊതിഞ്ഞുകിടക്കുന്ന മാലിന്യം കളയാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ല. ബിജെപി ഭരണത്തില്‍ വെളളാപ്പളളിക്ക് ഇത് പറയാം. ബിജെപിയാണോ സിജെപിയാണോ സിപിഎമ്മാണോ ഭരിക്കുന്നതെന്ന കണ്‍ഫ്യൂഷനുളളതിനാല്‍ പിണറായി ഭരണത്തിലും ഇത് തന്നെ പറയുമ്പോഴും ഒന്നും കണ്ടില്ലെന്ന് നടിച്ച് ചത്തതുപോലെ കിടക്കുകയാണ് ആഭ്യന്തര വകുപ്പെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

Content Highlights: Chandrika Newspaper Editorial against Vellappally Natesan Hate Speeches

dot image
To advertise here,contact us
dot image