

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴുക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ഹാരീസ് മൂതൂര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
'ഈ വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി അവാര്‍ഡും ക്യാഷും നല്‍കും', ഹാരീസ് മൂതൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ച വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമർശം വലിയ വിവാദമാവുകയാണ്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നുമായിരുന്നു അധിക്ഷേപം. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസാരിക്കേണ്ടതിന് ഒരു രീതിയുണ്ട്. പെരുമാറ്റത്തില്‍ പക്വത കാണിക്കണം. ഒന്നുമില്ലെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ അപ്പൂപ്പനാകാനുള്ള പ്രായം തനിക്കില്ലേ? ദാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. മൈക്കുമായി തന്റെ അടുത്തേയ്ക്ക് വന്നപ്പോള്‍ തട്ടിമാറ്റുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു.
റിപ്പോർട്ടർ ടിവിക്കെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയർത്തിയത്. റിപ്പോർട്ടറിന് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. രാഷ്ട്രീയക്കാരും ചാനലുകളുമായി റിപ്പോർട്ടർ ടിവി ഏറ്റുമുട്ടലിലാണെന്നും അങ്ങനെ മുട്ടാൻ ഇവർ പൊന്നുതമ്പുരാനാണോയെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. റിപ്പോർട്ടർ തന്നെ വേട്ടയാടുകയാണ്. താൻ ചില സത്യങ്ങളാണ് പറയുന്നത്. താൻ പറയുന്നത് സത്യങ്ങളാണ് എന്ന് പറയുന്നതിന് പകരം റിപ്പോർട്ടർ വേട്ടയാടുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്? താൻ എന്താ പറഞ്ഞത്?. മലപ്പുറത്ത് തങ്ങൾക്ക് സ്‌കൂളും കോളേജുമില്ല എന്നാണ് പറഞ്ഞത്. അതിൽ എന്തിനാണ് ഇത്ര വിഷമം എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവർത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താൻ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തിൽ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് താൻ ആരാണെന്നും കൂടുതൽ കസർക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Content Highlights: Youth Congress announces award for those who pour oil on the face of Vellappally Natesan