വെള്ളാപ്പള്ളിയല്ല എൽഡിഎഫ്, മുന്നണിക്ക് മാർക്കിടാൻ ആരും അദ്ദേഹത്തെ ഏൽപിച്ചിട്ടില്ല; ബിനോയ് വിശ്വം

'ബിനോയ് വിശ്വമല്ല പിണറായി വിജയൻ, തന്റെ കാര്യം താൻ പറയും അദ്ദേഹം അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാട് പറയും'

വെള്ളാപ്പള്ളിയല്ല എൽഡിഎഫ്, മുന്നണിക്ക് മാർക്കിടാൻ ആരും അദ്ദേഹത്തെ ഏൽപിച്ചിട്ടില്ല; ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്നും മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ്. ഇത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ ഉപദേശം കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

റിപ്പോർട്ടർ ടി വി മാധ്യമപ്രവർത്തകനെതിരായ വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. ഇത്തരം പരാമർശങ്ങൾകൊണ്ട് ഒരാൾ വലുതാകുമോ ചെറുതാകുമോ എന്ന് എല്ലാവർക്കും ഊഹിക്കാൻ പറ്റും. അത് മനസിലാക്കാനുള്ള കെല്പ് അദ്ദേഹത്തിനും ബന്ധപ്പെട്ടവർക്കും ഉണ്ടാകട്ടെ എന്നാണ് ആഗ്രഹമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ഒരുപക്ഷെ വെള്ളാപ്പള്ളിയുടെ പക്കൽനിന്ന് സിപിഐക്കാർ ഫണ്ട് പിരിച്ചു കാണും. കൈക്കൂലിയായോ അവിഹിതമായോ ചീത്തവഴിക്കോ ഒരു പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വാങ്ങുന്ന രീതി സിപിഐക്ക് ഇല്ല. തെറ്റായ വഴിക്ക് പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ ആ പണം തിരിച്ചു കൊടുക്കും. തെറ്റായ വഴിക്ക് ഒരു ചില്ലി കാശ് പോലും സിപിഐ വാങ്ങിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

വെള്ളാപ്പള്ളിയുമായി യാതൊരു തർക്കത്തിനും താനില്ല. ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന് മുഖ്യമന്ത്രി നടത്തിയ പരാമർശം വളരെ ശരിയാണ്. ബിനോയ് വിശ്വമല്ല പിണറായി വിജയൻ, തന്റെ കാര്യം താൻ പറയും അദ്ദേഹം അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാട് പറയും. അതിൽ ആക്ഷേപമില്ല. ബിനോയ് വിശ്വവും പിണറായി വിജയനും രണ്ടു പേരാണ്. രണ്ടും രണ്ട് കാഴ്ചപ്പാടാണ്. ഏത് കാഴ്ചപ്പാടാണ് ശരി എന്ന ചോദ്യത്തിന് അതെല്ലാം എല്ലാവർക്കും അറിയാമല്ലോ എന്ന് ബിനോയ് വിശ്വം മറുപടി നൽകി. ജനങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയെയും വെള്ളാപ്പള്ളിയെയും അറിയാം , ജനം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു സിപിഐക്കെതിരെ വെള്ളാപ്പള്ളിയുടെ ആരോപണം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഐയെ വിമർശിച്ചും സിപിഐഎമ്മിനെ പുകഴ്ത്തിയും വെള്ളാപ്പള്ളി നടേശൻ യോ​ഗനാദത്തിൽ ലേഖനവും എഴുതിയിരുന്നു. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് ഇടത് പാർട്ടികളുടെ നട്ടെല്ലെന്നും ഇത് അറിയുന്നതുകൊണ്ടാണ് സിപിഐഎം അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ കുറിച്ചത്.

Content Highlights: LDF is not Vellappally Natesan says cpi leade binoy viswam

dot image
To advertise here,contact us
dot image