എൽഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിൽ; ആരിൽനിന്നും കോഴ വാങ്ങിയിട്ടില്ലെന്ന് വടക്കാഞ്ചേരിയിലെ ലീഗ് സ്വതന്ത്രൻ

വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ചയാളാണ് ഇ യു ജാഫര്‍

എൽഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിൽ; ആരിൽനിന്നും കോഴ വാങ്ങിയിട്ടില്ലെന്ന് വടക്കാഞ്ചേരിയിലെ ലീഗ് സ്വതന്ത്രൻ
dot image

തൃശൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്യാൻ കോഴ വാങ്ങിയെന്ന ആരോപണം തള്ളി രാജിവെച്ച ലീഗ് സ്വതന്ത്രൻ ഇ യു ജാഫര്‍. താൻ കോഴ വാങ്ങിയിട്ടില്ലെന്നും വാങ്ങിയെങ്കിൽ താൻ അത് വിളിച്ചുപറയുമോ എന്നും ജാഫർ ചോദിച്ചു. താൻ ആരുമായും വിലപേശിയിട്ടില്ല. ഒരു പ്രേരണയുടെയും പുറത്തല്ല എൽഡിഎഫിന് വോട്ട് ചെയ്തത് എന്നും ജാഫർ വ്യക്തമാക്കി. എൽഡിഎഫിന് വോട്ട് ചെയ്തത് ഒരു തെറ്റ് പറ്റിയതാണെന്നും നാട്ടിൽ എൽഡിഎഫിനെതിരെ കൂടുതൽ പ്രതികരിക്കുന്നത് താനാണെന്നും ജാഫർ പറഞ്ഞു.

കോൺഗ്രസ് നേതാവ് മുസ്തഫയുമായി നടന്നത് സൗഹൃദ സംഭാഷണം മാത്രമാണ്. താൻ മനുഷ്യൻ ആണ്, തെറ്റ് പറ്റിയെന്നും ജാഫർ കൂട്ടിച്ചേർത്തു. കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നും നുണപരിശോധനയ്ക്ക് വരെ താൻ തയ്യാറാണെന്നും ജാഫർ പറഞ്ഞു. വോട്ട് ചെയ്യുമ്പോൾ തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും തന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു തെറ്റാണ് ഉണ്ടായത് എന്നും ജാഫർ ആവർത്തിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ജാഫറിന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോൺ സന്ദേശം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മില്‍ സംഭാഷണമുണ്ടായത്.

'രണ്ട് ഓപ്ഷനാണ് സിപിഐഎം നല്‍കുന്നത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം.' ഇതായിരുന്നു സിപിഐഎം നല്‍കിയ ഓഫർ. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ജാഫർ പാർട്ടിയെ അറിയിക്കുന്നുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കൂറുമാറി വോട്ട് ചെയ്തതിന് പിന്നാലെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനാകട്ടെ ജാഫര്‍ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന്റെ കയ്യിലായി. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ജാഫര്‍ അംഗത്വം രാജിവെച്ചുകൊണ്ട് കത്തും നല്‍കി. യുഡിഎഫിനൊപ്പം നിന്നാല്‍ ഇരു പാര്‍ട്ടികളും ഏഴ് വോട്ടുകള്‍ നേടി സമനിലയില്‍ എത്തും. അതുകൊണ്ട് തനിക്ക് നേട്ടമൊന്നും ഉണ്ടാകില്ലല്ലോ എന്ന് ജാഫര്‍ ചോദിക്കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്. എല്‍ഡിഎഫിന്റെ പക്കല്‍ നിന്ന് പണം ലഭിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കുമെന്നും ജാഫര്‍ പറയുന്നുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഐ ഷാനവാസാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ജാഫര്‍ താനുമായി സംസാരിച്ച സംഭാഷണ രേഖയാണ് പുറത്തുവന്നതെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വിശദീകരണം.

2010ല്‍ തുടങ്ങി തുടര്‍ച്ചയായ 15 വര്‍ഷങ്ങള്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന ഇടമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. 2020ല്‍ 13 സീറ്റുകളില്‍ 11ഉം സ്വന്തമാക്കി എൽഡിഎഫ് ഭരണത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തവണ ഇരുപാർട്ടികൾക്കും തുല്യ വോട്ടുകള്‍ ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയത്. 15 വര്‍ഷമായി തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ബ്ലോക്കിലെ ഭരണം നിലനിര്‍ത്തുന്നതിനാണ് എല്‍ഡിഎഫ് പണം നല്‍കി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് നിഗമനം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ വി നഫീസയാണ് ജാഫറിന്റെ വോട്ടിലൂടെ വിജയിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്.

Content Highlights: League independent candidate dismisses bribe claims in wadakkanchery

dot image
To advertise here,contact us
dot image