

ഗുരുവായൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷനേതാവ് ഇതുവരെയും തെളിവ് ഹാജരാക്കിയില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത് അദ്ദേഹത്തിന് കോടതി നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇഷ്ടമുള്ളപ്പോള്‍ പോയി തെളിവ് നല്‍കാന്‍ സാധിക്കുന്ന സ്ഥലമല്ല കോടതിയെന്നും നിരവധി തവണ എംഎല്‍എയും മന്ത്രിയുമൊക്കെ ആയിരുന്ന കടകംപള്ളിക്ക് ഇതിനെക്കുറിച്ച് അറിയാത്തത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെ സിപിഐഎമ്മുകാരായ രണ്ടുപേരെ എസ്‌ഐടിയിൽ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണമെന്നും സത്യസന്ധമായി ജോലി ചെയ്യാൻ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചിട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നെന്ന വാർത്ത ആരാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ശ്രമിക്കുന്നത് സിപിഐഎം നേതാക്കൾ സ്വർണം കവർന്നത് ബാലൻസ് ചെയ്യാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങൾ പറഞ്ഞത് പിന്നീട് കോടതിയും ശരിവെച്ചു. വളരെ രഹസ്യമായാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. എന്തിന് വേണ്ടിയായിരുന്നു ഈ രഹസ്യസ്വഭാവം?. ഇവരെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവരും നിയമത്തിന് മുന്നിൽ വരണ്ടേവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പന്റെ സ്വർണം കവർന്നതിന്റെ പേരിൽ ജയിലിലായ സിപിഐഎം നേതാക്കളെയെല്ലാം സംരക്ഷിക്കുകയാണ്. അതിന് സർക്കാരും കുടപിടിക്കുകയാണ്. എസ്‌ഐടിയിൽ രണ്ട് ഉദ്യോഗസ്ഥരെ പുതുതായി നിയമിച്ച നടപടി കോടതി ഒന്നുകൂടി പരിശോധിക്കണമെന്നും സതീശൻ പറഞ്ഞു. രണ്ട് ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തുള്ള കടുത്ത സിപിഐഎമ്മുകാരനായ ഉദ്യോഗസ്ഥന്റെയും അറിവോടെയാണ് സിപിഐഎം പക്ഷപാതികളായ രണ്ട് ഉദ്യോഗസ്ഥരെ എസ്‌ഐടിയിൽ നിയമിച്ചത്. എസ്‌ഐടിയിൽ നടക്കുന്ന നപടികൾ പുറത്തേക്ക് ചോർത്താനാണ് ഇവരെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോടതി നിയമിച്ച എസ്‌ഐടിയെ സത്യസന്ധമായി ജോലി ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ല. ഒരു സമ്മർദ്ദത്തിനും വഴിപ്പെടാതെ എസ്‌ഐടി അന്വേഷണത്തിന് തയാറാകണം. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ കൊള്ള നടത്തിയതുകൊണ്ടാണ് ജയിലിലായവരെ എംവി ഗോവിന്ദനും പിണറായി വിജയനും ഇപ്പോഴും സംരക്ഷിക്കുന്നത്. ശബരിമലയിലെ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 2019-ൽ കൊള്ള നടത്തിയത് ആരും അറിയാത്തതു കൊണ്ടാണ് 2024-ൽ വീണ്ടും കൊള്ളയ്ക്ക് ശ്രമിച്ചത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ അടിച്ചു മാറ്റിയേനെയെന്നും സതീശൻ പറഞ്ഞു.
Content Highlight : VD Satheesan against former Devaswom Minister Kadakampally Surendran