

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി വി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. മറ്റ് ജില്ലകളിൽ ഓടുന്നുണ്ടെന്ന് മേയർ പറഞ്ഞുകേട്ടു. എന്നാൽ ഒരു ജില്ലയിലും ഓടുന്നില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
ഏറ്റവും തിരക്കുള്ള സമയങ്ങളിൽ നഗരത്തിൽ സർവീസ് നടത്തിയ ശേഷം പ്രാന്തപ്രദേശങ്ങളിലുള്ളവരെയും നഗരത്തിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കണമെന്ന് കരാറിൽ വ്യക്തമായി പറയുന്നുണ്ട്. കരാർ ഉൾപ്പെടെ വായിച്ചുനോക്കി മേയർ പഠിക്കണം. എന്നിട്ടും തൃപ്തി വരുന്നില്ലെങ്കിൽ ബസുകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മേയർ കത്ത് നൽകിയാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരിച്ചു കൊടുത്തേക്കാം. കോർപ്പറേഷന് അത് ഇഷ്ടമുള്ള സ്ഥലത്ത് അത് കൊണ്ടുപോയി ഇടാം. എന്നാൽ ഞങ്ങളുടെ ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട. തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചു, ഇതൊക്കെ പഠിച്ചിട്ടുമാത്രം പറയണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഈ ബസുകൾ കൊണ്ടാണ് കെഎസ്ആർടിസി ജീവിക്കുന്നത് എന്ന് ആരും പറയരുത്. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ കെഎസ്ആർടിസി ഇറക്കും. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസുകളിലെ കണ്ടക്ടർ, ഡ്രൈവർ, ടിക്കറ്റ് മെഷീൻ, വർക്ക് ഷോപ്പ് സംവിധാനങ്ങൾ അടക്കം തങ്ങളുടേതാണ്. കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ ഇതെല്ലാം നടത്തട്ടെയെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാനാകില്ല. സ്മാർട്ട് സിറ്റി പദ്ധതിയുടെ കേന്ദ്ര വിഹിതം 500കാടി രൂപയാണ്. സംസ്ഥാന സർക്കാരിന്റെ വിഹിതവും 500 കോടി രൂപയാണ്. ആകെ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സർക്കാരിന്റേതാണ്. ബസുകളുടെ പരിപാലന ചെലവും കെഎസ്ആർടിസിയാണ് നോക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 113 ഇലക്ട്രിക് ബസുകളാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന മേയറുടെ നിലപാടിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
അതേസമയം ഗണേഷ് കുമാറിന്‍റെ മറുപടിയിൽ വി വി രാജേഷും പ്രതികരിച്ചു. 2023 ഫെബ്രുവരിയിൽ ഒപ്പിട്ട കരാറിലെ നിബന്ധനകൾ പാലിക്കണം എന്നാണ് തങ്ങളുടെ ആവശ്യമെന്ന് വി വി രാജേഷ് പറഞ്ഞു. പീക്ക് സമയത്ത് നഗരപരിധിയിൽ ഓടണം എന്ന കരാർ ലംഘിച്ചു. ഈ സമയത്ത് നഗരപരിധിക്ക് പുറത്ത് ഓടുന്നുണ്ട്. റൂട്ട് നിശ്ചയിക്കുന്നതിൽ കോർപ്പറേഷനുമായി ചർച്ച നടത്തണമെന്ന് നിബന്ധനയും ലംഘിച്ചു. ഒരു ചർച്ചയും നടത്തിയിട്ടില്ല. വരുമാനം വീതം വയ്ക്കുന്നതിലും ചട്ടലംഘനമുണ്ടായി. ഇതെല്ലാം പാലിക്കണം എന്ന് മാത്രമാണ് ആവശ്യം. ആരെയും അവഹേളിക്കാൻ വേണ്ടിയല്ല ഇതൊക്കെ ഉന്നയിക്കുന്നത് നിരവധി കൗൺസിലർമാർ ഈ വിഷയത്തിൽ തീരുമാനം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.
ലാഭം കിട്ടുമ്പോൾ അതിൽ നിന്ന് ഒരു വിഹിതം കോർപ്പറേഷന് വേണം എന്നത് ന്യായമായ ആവശ്യമല്ലേ. കോർപ്പറേഷനിലെ സാധാരണക്കാർ പറഞ്ഞ ആവശ്യം നിറവേറ്റാൻ ആണ് തങ്ങൾ പറയുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് ഭാഗത്തേക്ക് വലിയ ബസ് വിടാം. ഈ ബസുകൾ ഇടറോഡുകളിൽ പോയാൽ അവരുടെ പ്രശ്‌നം പരിഹരിക്കാം. കരാർ ലംഘനമാണ് നടക്കുന്നത്. ജനങ്ങൾ പ്രധാനമായും ഇടറോഡുകളിലേക്ക് ബസ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. രാവിലെയും വൈകിട്ടുമെങ്കിലും കോർപ്പറേഷൻ മേഖലയിലെ ഇട റോഡുകളിൽ സർവ്വീസ് നടത്തണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ദൂര സ്ഥലങ്ങളിൽ വലിയ ബസ് വാങ്ങി വിടട്ടെയെന്നും വി വി രാജേഷ് പറഞ്ഞു.
ആവശ്യപ്പെട്ടാൽ ബസ് തിരികെ നൽകാമെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയിൽ വി വി രാജേഷ് പ്രതികരിച്ചു. ബസ് തിരികെ എടുക്കാനുള്ള പ്ലാൻ കോർപ്പറേഷന് ഇല്ല. ബസിന്റെ ബാറ്ററി പരമാവധി ഓടിക്കഴിഞ്ഞു. കരാർ ഒപ്പിട്ടാൽ പാലിക്കണം. തർക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തോ നൂറോ ബസ് ഇടാനുള്ള കോർപ്പറേഷന് സ്ഥലം ഉണ്ട്. ആ സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കാം. 150 ബസ് ഇറക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ആ ബസുകൾ നെയ്യാറ്റിൻകരയിലും നെടുമങ്ങാടും കട്ടപ്പനയിലും ഓടിക്കട്ടെ. ബസുകൾ നഷ്ടത്തിലാണ് എന്ന് പറയുന്നത് എങ്ങനെയാണ്. മൊത്തം ബസ്സുകളുടെ കൂട്ടത്തിൽ പെടുത്തി കണക്കെടുത്താൻ ചിലപ്പോൾ നഷ്ടമായിരിക്കും പക്ഷേ ഇലക്ട്രിക് ബസുകൾ മാത്രമായാൽ നഷ്ടമില്ല. കരാർ നടപ്പാക്കണമെന്ന് മുൻ മേയർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിലിൽ ചർച്ച ചെയ്യും. ഇലക്ട്രിക് ബസുകൾ സർക്കാർ ഡിപ്പോയിലെ കിടക്കൂ എന്നൊന്നുമില്ല. അത് എവിടെ കൊണ്ട് ഒതുക്കിയിട്ടാലും കിടക്കും. കട്ടപ്പനയിൽ ഓടിയിട്ടുണ്ട് എന്നത് കെഎസ്ആർടിസിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.വേണമെങ്കിൽ അതിന്റെ വിവരങ്ങൾ എടുക്കാം. സമീപ ജില്ലകളിലേക്ക് പോയിട്ടുണ്ട് എന്ന് മുൻമേയർ തന്നെ പറഞ്ഞിട്ടുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.
Content Highlights : minister kb ganesh kumar reaction on vv rajesh remark about city bus